ഡോ.റുവൈസ് പിടിയിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ; ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് സർവകലാശാല

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹനക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസിൽ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷഹ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’– ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.

വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകൾ ഡോ.എ.ജെ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയറുമായ റുവൈസിന്റെ വിവാഹ ആലോചന വരുന്നത് മാസങ്ങൾക്കു മുൻപാണ്. ഒരേ പ്രൊഫഷൻ ആയതിനാൽ ഷഹ്നയ്ക്കും താൽപര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോൾ തന്നെ 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തിൽ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യമുണ്ടായതിൽ ഷഹ്ന മാനസിക വിഷമത്തിലായിരുന്നു. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്തേഷ്യ മരുന്നു കുത്തിവച്ച് ഷഹ്ന മരിച്ചത്.

 

ഡോ. റുവൈസ്

 

കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായ റുവൈസിനെ സ്ഥാനത്തുനിന്നു നീക്കിയതായി സംഘടന അറിയിച്ചു.

ഷഹ്നയുടെ മരണത്തിനു പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി വീടു സന്ദർശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ എ.എ.റഷീദ് അറിയിച്ചു.

ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാർഥികളിൽനിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരമാണ് രണ്ടു വർഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. തുടക്കത്തിൽ എല്ലാ വിദ്യാർഥികളിൽനിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോൾ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പൽ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇതു നിലനിൽക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു.

സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയപ്പോൾ തന്നെ അങ്ങനെ ഒപ്പിട്ടു വാങ്ങാൻ അധികാരമുണ്ടോ എന്നു ചോദ്യമുയർന്നിരുന്നു. പക്ഷേ, അത്തരമൊരു നിർദേശം നിലവിലുണ്ട്. കോടതി ഡോ. റുവൈസിനെ കുറ്റക്കാരനായി കണ്ടെത്തിയാൽ ബിരുദം റദ്ദാക്കും. ആരോഗ്യ സർവകലാശാലയുടെ നിലപാടാണിത്. വിദ്യാർഥികളിൽ സ്ത്രീധനത്തിനെതിരെ അവബോധം കൊണ്ടുവരുന്നതിനു കൂടിയാണ് സത്യവാങ്മൂലം വാങ്ങുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. പ്രത്യേക ഫോമിലാണ് സത്യവാങ്മൂലം എഴുതി വാങ്ങുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!