‘വിവാഹം ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’- സൗദി ശൂറ കൗണ്‍സിലില്‍ ആവശ്യം
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദി അറേബ്യയുടെ കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയായ ശൂറ കൗണ്‍സിലില്‍ ആണ് അംഗങ്ങള്‍ ഈ ആവശ്യമുന്നയിച്ചത്.
സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകള്‍ അമീറ ജൗഹറ രാജകുമാരി ഉള്‍പ്പെടെയുള്ള ഒരുസംഘം കൗണ്‍സില്‍ മെമ്പര്‍മാരാണ് ഇതു സംബന്ധിച്ച ആവശ്യം ശൂറാ കൗണ്‍സിലില്‍ ഉന്നയിച്ചത്. പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗണ്‍സില്‍ അംഗം ആദില്‍ ജര്‍ബാഅ അഭിപ്രായപ്പെട്ടു.
മയക്കുമരുന്ന് ഉപയോഗം വിവാഹമോചനത്തിന്റെയും നിരവധി സാമൂഹ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ഉദാഹരിച്ചു. ഈമാന്‍ ജിബ്‌രീന്‍, അബ്ദുറഹ്‌മാന്‍ അല്‍ റാജ്ഹി, മുഹമ്മദ് അല്‍ മസ്‌യദ്, ഡോ. ഹാദി അല്‍ യാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗണ്‍സിലില്‍ സംസാരിച്ചു.
മജ്ലിസുല്‍ ശൂറ എന്നറിയപ്പെടുന്ന ഔപചാരിക ഉപദേശക സമിതിയായ ശൂറ കൗണ്‍സിലിലെ അംഗങ്ങളെ നിയമിക്കുന്നത് സൗദി രാജാവാണ്. 150 അംഗങ്ങളില്‍ 30 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളിലൂടെ തീരുമാനങ്ങളെടുത്ത് രാജാവിന് ശുപാര്‍ശ ചെയ്യുന്നതാണ് രീതി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക