എ വി ഗോപിനാഥ് സിപിഐഎമ്മിലേക്ക്? എ കെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി, പൂർണമായി തള്ളാതെ എ വി ഗോപിനാഥ്

പാലക്കാട്: മുന്‍ എംഎല്‍എ, എ വി ഗോപിനാഥ് സിപിഐഎമ്മിലേക്കെന്ന് സൂചന. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോപിനാഥിനൊപ്പം മറ്റു ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി സിപിഐഎമ്മില്‍ ചേര്‍ന്നേക്കും.

ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് എ വി ഗോപിനാഥ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു എ വി ഗോപിനാഥിന്റെ പ്രതികരണം. നവ കേരള സദസ് പാലക്കാട് എത്തുന്നതിന് മുമ്പ് ഗോപിനാഥിന്റെ സിപിഐഎം പ്രവേശനം ഉണ്ടാകുമെന്നാണ് സൂചന.

അതേ സമയം സിപിഐഎം പ്രവേശനം പൂർണമായി തള്ളാതെ എ വി ഗോപിനാഥ്. എ കെ ബാലനുമായി ചർച്ച നടത്തിയിരുന്നുവെന്നും നവ കേരള സദസ്സ് മാത്രമാണ് ചർച്ചയായതെന്നും എ വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം നേതാക്കളുമായുള്ള ബന്ധം വര്‍ഷങ്ങളായി ഉള്ളതാണെന്നും സിപിഐഎം പ്രവേശനം ഉടനില്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു. സിപിഐഎമ്മിലേയ്ക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റുമായി നടന്ന ഫോൺ സംഭാഷണം തീർത്തും സൗഹൃദപരമായിരുന്നുവെന്ന് പറഞ്ഞ എ വി ഗോപിനാഥ് ജീവൻ പോയാലും നവ കേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അതേ സമയം ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രമ്യ ഹരിദാസ് എം പി ഉൾപ്പടെ അദ്ദേഹത്തെ വീട്ടിൽ എത്തി സന്ദർശിച്ചു. സന്ദർശനത്തില്‍ നവകേരള സദസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും നടന്നത് സൗഹൃദ സംഭാഷണമാണെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. എ വി ഗോപിനാഥ് എന്നും കോൺഗ്രസ് നേതാവാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച, മുതിര്‍ന്ന നേതാവാണ് എ വി ഗോപിനാഥ്. കോണ്‍ഗ്രസ് വിട്ടശേഷം, സിപിഐഎമ്മിലേക്ക് നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!