പത്ത് ദിവസത്തിന് ശേഷം ആദ്യമായി തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്; ആരോഗ്യവാന്മാർ, പൈപ്പ് വഴി ചൂടുള്ള ഭക്ഷണം നൽകിതുടങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു – വീഡിയോ

ഉത്തരകാശി: കഴിഞ്ഞ പത്തുദിവസമായി ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്.  തുരങ്കത്തിൽ 41 തൊഴിലാളികള്‍ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്.

 

 

 

വോക്കി ടോക്കി വഴി ചില തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. രക്ഷാപ്രവർത്തകർ തൊഴിലാളികളോട് ക്യാമറയ്ക്ക് മുന്നിൽ വരാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തൊഴിലാളികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഗ്ലാസ് ബോട്ടിലുകളില്‍ തൊഴിലാളികള്‍ക്ക് കിച്ചടി നല്‍കിയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ തൊഴിലാളികള്‍ക്ക് ആദ്യമായി ചൂടുള്ള ഭക്ഷണം ലഭിച്ചത് ഇന്നലെയായിരുന്നു. നിർദേശം അനുസരിച്ചാണു തൊഴിലാളികൾക്കു ഭക്ഷണങ്ങള്‍ ഞങ്ങൾ ഉണ്ടാക്കുന്നതെന്ന് പാചകക്കാരൻ ഹേമന്ത് പറഞ്ഞു. തൊഴിലാളികൾക്ക് മൊബൈലും ചാർജറുകളും പൈപ്പിലൂടെ അയക്കുമെന്ന് റെസ്ക്യൂ ഓപ്പറേഷൻ ഇൻ ചാർജ് കേണൽ ദീപക് പാട്ടീൽ പറഞ്ഞു.പ്രദേശത്തെ ഭൂപ്രകൃതിയും പാറകളുടെ സ്വഭാവവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ കാരണം കഴിഞ്ഞ ഒരാഴ്ചയായി, തൊഴിലാളികളെ രക്ഷിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

 

 

 

 

തുരങ്കത്തിലേക്കു സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാൻ സാധിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള കേണൽ ദീപക് പാട്ടിൽ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യനില കണക്കാക്കി നൽകാനാവുന്ന ഭക്ഷണത്തിന്റെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ദീപക് പാട്ടീൽ പറഞ്ഞു. പഴവും ആപ്പിളും കിച്ചടിയും പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തു റോബോടിക് മെഷീനുകളും എത്തിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലേക്ക് മെഷീൻ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ അൻഷു മനിഷ് ഖുൽകോ പറഞ്ഞു.

 

 

ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തരകാശിയിലെ സിൽക്യാര മുതൽ ദണ്ഡൽഗാവ് വരെ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!