തൊഴിലാളികൾക്ക് ഇനി മുതൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാം; പുതിയ സേവനവുമായി മന്ത്രാലയം

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്വിവ പോർട്ടൽ വഴി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന സേവനം ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. തൊഴിലാളികളുടെ യോഗ്യതകളും അനുഭവങ്ങളും വിശദീകരിക്കുന്ന ഈ സർട്ടിഫിക്കറ്റ് അധികാരികൾക്ക് സമർപ്പിക്കാവുന്ന ഔദ്യോഗിക രേഖയായാണ് പരിഗണിക്കുക. ഓരോ തൊഴിലാളിയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവരുടെ തൊഴിൽ പരിചയം, കാലയളവ്, മറ്റ് അനുഭവങ്ങൾ തുടങ്ങിയവ വ്യക്തമാക്കുന്ന ഈ സർട്ടിഫിക്കറ്റ് മറ്റ് സ്ഥാപനങ്ങളിലും എക്സിപീരിയൻസ് സർട്ടിഫിക്കറ്റായി പരിഗണിക്കും.

നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കരാർ അവസാനിക്കുന്ന ഘട്ടത്തിൽ ഈ സർട്ടിഫിക്കറ്റ്  “ക്വിവ” പ്ലാറ്റ്‌ഫോമിലെ വ്യക്തികളുടെ അക്കൗണ്ട് വഴി തൊഴിലാളിക്ക് ഡൌണ് ലോഡ് ചെയ്യാം. ലളിതമായ നടപടിക്രമങ്ങളാണ് ഇതിനാവശ്യമുള്ളത്.

ക്വിവ പ്ലാറ്റ്‌ഫോമിലൂടെ, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർദ്ധിപ്പിക്കാനുമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കൂടാതെ വിപുലമായ ഡിജിറ്റൽ സേവനങ്ങൾ നൽകികൊണ്ട് ആഗോള തലത്തിൽതന്നെ ശ്രദ്ദേയമായ തൊഴിൽ വിപണി നേടുകയും ലക്ഷ്യമാണ്. ബിസിനസ് മേഖലയ്ക്ക് 130-ലധികം ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, “ക്വിവ” പ്ലാറ്റ്‌ഫോമിലൂടെ, തൊഴിൽ കരാർ ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ  സേവനങ്ങളും ഡിജിറ്റൽ രീതിയിൽ നൽകാൻ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അത് തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും വർധിപ്പിക്കുകയും ചെയ്യുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!