ഭർത്താവിൻ്റെ വെടിയേറ്റ മലയാളി യുവതി മീരയുടെ ശസ്ത്രക്രിയ കഴിഞ്ഞു, രക്തസ്രാവം നിലച്ചു; ആരോഗ്യ നിലയിൽ ശുഭ പ്രതീക്ഷ

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു.

ഇവരുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്ക് ആദ്യം ലഭിച്ചിരുന്ന വിവരം. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടർമാർ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി.

മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗർഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!