ഗസ്സയിൽ എല്ലാ ആശുപത്രികളുടേയും പ്രവർത്തനം നിലച്ചു; മൃതദേഹങ്ങൾ കുമിഞ്ഞ് കൂടി അഴുകി തുടങ്ങി, തെരുവ് നായ്ക്കൾ കടിച്ച് വലിക്കുന്നു, 179 മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു – വീഡിയോ

ഗസ്സയിൽ ഇന്നും ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണം ശക്തമായിരുന്നു. ഇന്ധനം തീർന്നതോടെ ഗസ്സ സിറ്റിയിലെ എല്ലാ ആശുപത്രികളും പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. നൂറ് കണക്കിന് മൃതദേഹങ്ങൾ പല ആശുപത്രികളിലായി കെട്ടികിടക്കുന്നുണ്ട്. അൽ ഷിഫ ആശുപത്രിയിൽ ഇന്ന് മാത്രം 40 രോഗികൾ കൊല്ലപ്പെട്ടു. നവജാത ശിശുക്കളടക്കം നിരവധിപേരാണ് ദിവസവും മരണത്തിന് കീഴടങ്ങുന്നത്.

അൽ ഷിഫ ആശുപത്രിയിൽ നിന്ന് കുട്ടികളെ മാറ്റാൻ തയ്യാറാണെന്നും, എന്നാൽ മറ്റു ആശുപത്രികളിലേക്ക് മാറ്റാൻ യാതൊരു മാർഗവുമില്ലെന്നും ഗസ്സ ആരോഗ്യ മന്ത്രി അറിയിച്ചു. നൂറിലേറെ മൃതദേഹങ്ങൾ അൽ ഷിഫയിൽ മാത്രം ഉണ്ട്. ഇതിൽ പലതും അഴുകി തുടങ്ങിയിരിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ മോർച്ചറി പ്രവർത്തിക്കുന്നില്ല. പുറത്ത് വെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ ചിലത് തെരുവ് നായ്ക്കൾ ഭക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് അൽ ഷിഫ ആശുപത്രി അധികൃതർ പറഞ്ഞു.

മൃതദേഹങ്ങൾ കുമിഞ്ഞ് കൂടി അഴുകാൻ തുടങ്ങിയതോടെ അൽ ഷിഫ ആശുപത്രി പരിസരത്ത് മൃതദേഹം കൂട്ടമായി സംസ്കരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 179 പേരുടെ മൃതദേഹം ഒരുമിച്ച് സംസ്കരിച്ചതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സൽമിയ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴു കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.  ‘‘മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ ഞങ്ങൾ നിർബന്ധിതരായി’’ – എന്നാണ് ഡോ. മുഹമ്മദ് അബു സൽമിയ പറഞ്ഞത്.

 

അൽ ഷിഫ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്ന രോഗികൾ

 

 

അൽ ഷിഫ ആശുപത്രിയിൽ പ്രയാസപ്പെടുന്ന കിഡ്നി രോഗികൾ

 

 

ഗസ്സ സിറ്റിയിലെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. ഗസ്സയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് ഇതിലൂടെ ഇസ്രായേൽ ലക്ഷ്യം വെക്കുന്നത്.  ഗസ്സയിലെ ആശുപത്രികൾ ശ്മശാന സമാനമായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടായിരത്തോളം ക്യാൻസർ രോഗികൾ മരുന്ന് ലഭിക്കാതെ മരണത്തിൻ്റെ വക്കിലെത്തി. ഇന്ധനമില്ലാത്തതിനാൽ തെക്കൻ ഗസ്സയിലെ കുടിവെള്ള വിതരണവും യു.എൻ നിറുത്തി വെച്ചു. യൂറോപ്പ്യൻ ഗസ്സ ആശുപത്രിയിലും വെള്ളം തീർന്നു.

 

 

 

ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നും 30 പേർ കൊല്ലപ്പെട്ടു. ഹമാസിന് ഗസ്സക്കുമേലുള്ള ലനിയന്ത്രണം പൂർണമായും നഷ്ടമായെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതേ സമയം ഇന്ന് ഇസ്രായേലിൻ്റെ 9 സൈനികരെ കൊലപ്പെടുത്തിയാതും 22 ടാങ്കുകളും സൈനിക വാഹനങ്ങളും തകർത്തതായും ഹമാസ് അറിയിച്ചു.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!