മേനി പറഞ്ഞ് കുടിച്ചത് മുന്തിയ ഇനം മദ്യം തന്നെയോ? അപ്പാർട്ട്മെൻ്റിൽ മദ്യ നിർമാണ യൂണിറ്റ്; പിടിയിലായത് പ്രവാസികൾ
കുവൈത്തിൽ ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മദ്യനിർമ്മാണശാല കണ്ടെത്തി. ഫഹാഹീൽ പ്രദേശത്തെ അനധികൃത മദ്യനിർമ്മാണശാലയാണ് പരിശോധനയിൽ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന് ഈ അപ്പാർട്ട്മെന്റ് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 100 കുപ്പി വിദേശമദ്യം, പ്രാദേശികമായി നിർമ്മിച്ച 1000 കുപ്പി മദ്യം, മദ്യം നിറച്ച ബാരലുകൾ, മദ്യനിർമ്മാണത്തിനുള്ള ഉപകരണം എന്നിവ കണ്ടെത്തി. നാല് പ്രവാസികളെയും ഇവിടെ നിന്ന് പിടികൂടി. പ്രവാസികൾ കുറ്റം സമ്മതിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
കാലി കുപ്പികൾ ഇറക്കുമതി ചെയ്യുകയും ഇവയിൽ മദ്യം നിറച്ച് വിദേശമദ്യമെന്ന പേരിൽ വിൽപ്പന നടത്തുകയും ചെയ്തതായി ഇവർ സമ്മതിച്ചു. നാല് പ്രവാസികളെയും പിടിച്ചെടുത്ത മദ്യവും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക