സൗദി തണുപ്പിലേക്ക് പ്രവേശിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ശൈത്യകാല വസ്ത്രങ്ങൾ തയ്യാറാക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ
സൗദി ശൈത്യകാലത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏകദേശം 23 ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു.
അടുത്ത ഡിസംബറിന്റെ തുടക്കത്തിൽ രാജ്യത്ത് ശൈത്യകാലം ആരംഭിക്കാനാണ് സാധ്യത. അതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ തന്നെ രാജ്യത്ത് ഇത് പ്രകടമായി തുടങ്ങും. മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ ഇടിവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മിക്ക ഗൾഫ് രാജ്യങ്ങളിലും ഏകദേശം സമാനമായിരിക്കും ശൈത്യകാലം ആരംഭിക്കുന്നത്
രാജ്യത്ത് ആദ്യം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങുന്നത് വടക്കൻ പ്രദേശങ്ങളിലും പിന്നീട് അൽ-ഖാസിം, ഹായിൽ, റിയാദ് എന്നിവിടങ്ങളിലും ആയിരിക്കും. തണുത്ത കാറ്റായിരിക്കും ആദ്യം പ്രകടമാകുക. തണുപ്പ് വർധിക്കുന്ന പ്രദേശങ്ങളിലുള്ളവർ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കാനായി തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്ത് ഇന്ന് (വ്യാഴം) ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഇത് ശക്തമായ മഴയ്‌ക്കൊപ്പം ജസാൻ, അസിർ, അൽ-ബഹ, പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഇത് മക്ക, മദീന, തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക