ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി സര്‍ക്കാര്‍; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹര്‍ജിയുമായി വീണ്ടും സുപ്രീം കോടതിയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു. ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നീക്കമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമസെക്രട്ടറിയുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിയമസഭ പാസ്സാക്കിയ എട്ടുബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ട് ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കൊച്ചിയിലെ അഭിഭാഷകന്‍ പി.വി. ജീവേഷ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. 2022 നവംബറില്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെയാണ് കേസിലെ കക്ഷിയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിലെ കേസില്‍ ഗവര്‍ണര്‍ കക്ഷിയായിരുന്നില്ല. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ അദ്ദേഹത്തെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

റിട്ട് ഹര്‍ജിയില്‍ ഉള്ളതിനേക്കാളും കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജിയില്‍ ഉള്ളത്. പൊതുആരോഗ്യ ബില്ല് അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന നടപടി ജനങ്ങളോടും, നിയമസഭാംഗങ്ങളോടുമുള്ള നീതികേടാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണ്. തനിക്ക് തോന്നുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇത് തികച്ചും ഭരണഘടന വിരുദ്ധമാണെന്നും ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ചീഫ് സെക്രട്ടറി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയുടെ നിയമസാധുത കേന്ദ്രം ചോദ്യം ചെയ്തേക്കും എന്ന വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമ വകുപ്പുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഹൈക്കോടതി തള്ളിയ കേസിലാണ് സംസ്ഥാനം ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിയമപോരാട്ടമാണ് കേരളം സുപ്രീംകോടതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുന്‍ അറ്റോര്‍ണി ജനറലും, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഭരണഘടന വിദഗ്ദ്ധനുമായ കെ.കെ. വേണുഗോപാലിനെ കോടതിയില്‍ ഇറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. വേണുഗോപാലിന് പുറമെ മറ്റ് ചില സീനിയര്‍ അഭിഭാഷകരും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും സുപ്രീംകോടതിയില്‍ ഹാജരാകും.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!