ഭാര്യയും മകളും സന്ദർശന വിസയിൽ എത്തിയത് കഴിഞ്ഞ മാസം; പ്രവാസി മലയാളി വാഹനപകടത്തിൽ മരിച്ചു

പ്രവാസി മലയാളി സൗദിയിലെ അൽ ബാഹയിൽ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്.

കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ നാട്ടിൽ നിന്നും വരുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്ന്, അയാളെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ വ്യാഴാഴ്ച വൈകീട്ട് അൽബാഹ, ഹഖീഖ് റോഡിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനാണ്.

മരണപ്പെട്ട ജാഫറിൻ്റെ ഭാര്യ ഷമീറയും ഇളയ മകൾ അഞ്ച് വയസുകാരി മിൻസ ഫാത്തിമയും കഴിഞ്ഞ മാസം സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയിട്ടുണ്ട്. മറ്റു മക്കൾ: മുഹ്‌സിൻ ജാഫർ (പ്ലസ് വൺ വിദ്യാർത്ഥി), മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ).

പിതാവ്: പരേതനായ ഹസൈനാർ, മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: ഫസലുറഹ്മാൻ, ഫർസാന. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!