ഫലസ്തീനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 704 പേർ കൊല്ലപ്പെട്ടു, മസ്ജിദുൽ അഖ്സയിലേക്ക് മുസ്ലീംഗൾക്ക് പ്രവേശനം തടഞ്ഞു, ജൂത വിഭാഗത്തിന് ആരാധനക്ക് അനുമതി – വീഡിയോ

ഫലസ്തീന് നേരെ ഇസ്രായേൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 704 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ ഗസ്സയിൽ ഇത് വരെ 5791 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 16,297 പേർക്കാണ് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ ഗസ്സയിലെ 400 ലക്ഷ്യ സ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. രാത്രിയിൽ മാത്രം 140 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ഭരണകൂടം സ്ഥിരീകരിച്ചു.

വയോധികരായ രണ്ട് ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിട്ടയച്ചത്. വളരെ മാന്യവും സൌഹാർദപരവുമായാണ് ഹമാസ് പെരുമാറിയതെന്ന് വിട്ടയക്കപ്പെട്ടവർ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി. ചിലന്തി വല പോലെയുള്ള തുരങ്കങ്ങളിലാണ് ബന്ദികളെ താമസിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

 

ഒരു ഫലസ്തീൻ ബാലനെ ഇസ്രായേൽ സേന കസ്റ്റഡിയിലെടുകുന്നു.

 

മൂന്ന് വയസുകാരനായ ഫലസ്തീനി ബാലനെ ഇസ്രായേൽ സേന പിടികൂടുന്നു.

 

ഗസ്സയിലെ മൂന്നിൽ രണ്ട് ആരോഗ്യ സംവിധാനവും പ്രവർത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 72 ആരോഗ്യ കേന്ദ്രങ്ങളിൽ 46 എണ്ണവും 35 ആശുപത്രികളിൽ 12 എണ്ണവും പ്രവർത്തനം നിർത്തിയെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.

ഇതിനിടെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെത്തിയ ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ഐഎസിനെതിരെ പോരാടുന്ന പാശ്ചാത്യ സഖ്യം, ഹമാസിനെതിരെ തിരിയണമെമെന്ന് അഭിപ്രായപ്പെട്ടു. ഫലസ്തീൻ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

ഗസ്സയിലെ ഫലസ്തീൻ സംഘങ്ങളെ തങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ആക്രമണങ്ങൾക്ക് ഇറാൻ വഴിയൊരുക്കുന്നുവെന്ന യുഎസ് ആരോപണത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

മുസ്ലീംഗളുടെ മൂന്നാമത്തെ പവിത്രമാക്കപ്പെട്ട ആരാധനാലയമായ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിലേക്ക് മുസ്ലീംഗൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ ജൂത മതക്കാർക്ക് ഇസ്രായേൽ പൊലീസ് പ്രവേശനാനുമതി നൽകുകയും ചെയ്തു. ഇസ്രായേൽ നിരുപാധികം ജനങ്ങളെ കൊല്ലുന്നതിന് ലോകം പച്ചക്കൊടി കാണിക്കരുതെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി പറഞ്ഞു. 1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അമീർ ആവശ്യപ്പെട്ടു. ലോക രാഷ്ട്രങ്ങൾ മൌനം വെടിയണമെന്നും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഖത്തർ അമീർ പറഞ്ഞു.

 

 

 

 

 

ഹിസ്ബുല്ല തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചാൽ ലെബനോൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് മുന്നറിയിപ്പ് നൽകി.

ഗസ്സയിലെ 24 ആശുപത്രികളിൽ എട്ടെണ്ണം പ്രവർത്തനം നിർത്തിയെന്ന് ആശുപത്രികളുടെ ഡയറക്ടർ ജനറൽ അറിയിച്ചു. ഇസ്രായേലിന് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെർ ലിയോൺ പൂർണ പിന്തുണ നൽകിയതിനെതിരെ 800 ജുവനക്കാരുടെ കത്ത്. ഫലസ്തീൻ രാഷ്ട്രത്തിനായി നിലകൊള്ളണമെന്ന യൂറോപ്യൻ യൂണിയൻ നയം പരാമർശിക്കാത്തതിലും വിമർശനമുയർന്നു.

 

 

 

ഗസ്സയിലെ അൽ വഫ ആശുപത്രിക്ക് സമീപവും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സയിലേക്ക് നിലയ്ക്കാത്ത മാനുഷിക സഹായം അനിവാര്യമെന്ന് യുഎൻ ഫലസ്തീൻ അഭയാർത്ഥി കാര്യ വിഭാഗം പറഞ്ഞു. അല്ലെങ്കിൽ കുടിവെള്ളവും ഭക്ഷണവും ആതുരസേവനവും ഇല്ലാതാകുമെന്നും അധികൃതർ വ്യക്തമാക്കി. ഗസ്സയ്ക്കകത്ത് 35,000 പോരാളികളുണ്ടെന്നും, ഇസ്രായേലിനെ പ്രതിരോധിക്കാൻ തയ്യാറാണെന്നും ഹമാസ് നേതാക്കൾ പറഞ്ഞു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!