ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചു; ഗസ്സയിൽ മരണം 5,000 ത്തിന് മുകളിൽ, രാത്രിയിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോർട്ട് – വീഡിയോ

കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ഗസ്സയിൽ പ്രവേശിച്ചതായി ഹമാസ്. ഗസ്സയിൽ പ്രവേശിച്ച സൈന്യത്തെ തങ്ങൾ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ രക്തകലുഷിതമായ രാത്രികളിൽ ഒന്നായിരിക്കും ഇതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഗസ്സയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗസ്സയ്ക്കരികിലുള്ള അൽ-ഷിഫ, അൽ-ഖുദ്സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

 

 

 

ഇതിനിടെ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണവും ശക്തമാക്കി. 24 മണിക്കൂറിനിടെ 182 കുട്ടികളുൾപ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു.

 

 

15 ദിവസം പിന്നിട്ട യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ 24 മണിക്കൂറാണ് കടന്നുപോയത്. അഭയാർഥി ക്യാമ്പും പാർപ്പിട സമുച്ഛയങ്ങളും ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. അൽ ഖുദ്സ്, അൽ ശിഫ ആശുപത്രികൾക്ക് സമീപവും വ്യോമാക്രമണമുണ്ടായി.

 

ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. വളർച്ചയെത്താതെ പ്രസവിച്ച കുട്ടികൾക്കുൾപ്പെടെ ജീവൻ നിലനിർത്താൻ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഖാൻ യൂനിസിൽ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകർത്തു. ഏറ്റുമുട്ടലിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്.

24 മണിക്കൂറിനിടെ 123 ഫലസ്തീനികളെയാണ് കസ്റ്റഡിയിലെടുത്തത്. ലബനാൻ – ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്. അതിർത്തിപ്രദേശം ഇസ്രായേൽ ഒഴിപ്പിച്ചു. ഹിസ്ബുല്ലയുടെ രണ്ട് സംഘങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. ഒരു സേനാംഗം കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണം.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!