ജോ ബൈഡന്‍ മലക്കം മറിഞ്ഞു; ‘ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം വലിയ അബദ്ധമാകും, ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകണം’ – ബൈഡന്‍ – വീഡിയോ

വാഷിങ്ടണ്‍: ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. (ചിത്രത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു)

നേരത്ത ഇസ്രായേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് ബൈഡൻ പ്രസ്താവന ഇറക്കിയിരുന്നു. യുദ്ധക്കപ്പലുകളും, വിമാനങ്ങളും ആയുധങ്ങളും ഇസ്രായേലിലേക്കയക്കുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധത്തിൽ അമേരിക്ക ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.ബി.എസ്. ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത് അനിവാര്യതയാണെന്നും ബൈഡന്‍ പറഞ്ഞു. പലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രയേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാകണമെന്നും ബൈഡന്‍ വ്യക്തമാക്കി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ ഇസ്രയേല്‍ സന്ദര്‍ശനം നടത്താമെന്ന തീരുമാനം ബൈഡന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..

നേരത്തെ വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പേരോട് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. കരയുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു ഇസ്രയേലിന്റെ ഉത്തരവ്. അഞ്ചുദിവസമായിത്തുടരുന്ന സമ്പൂര്‍ണ ഉപരോധവും വടക്കന്‍ മേഖലയില്‍നിന്ന് ഉടന്‍ ഒഴിയണമെന്ന ഇസ്രയേല്‍ ഉത്തരവും ഗാസയിലെ ജനങ്ങളെ നരകയാതനയിലാക്കി.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കൊണ്ട് എങ്ങനെ പലായനം ചെയ്യുമെന്നതാണ് പലരുടെയും ആശങ്ക. ഗാസ സിറ്റിയില്‍ ഹമാസ് അംഗങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിരോധസേന അരിച്ചുപെറുക്കുകയാണ്. ഇവരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം.

 

 

തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇസ്രയേല്‍ സുരക്ഷിത ഇടനാഴിയൊരുക്കി. ഈ വഴിയിലൂടെ പോകുന്നവരെ ആക്രമിക്കില്ലെന്നായിരുന്നു ഉറപ്പ്. എന്നാൽ ഇതിനിടയിലും ഇസ്രായേലിൻ്റെ ആക്രമണമുണ്ടായി. ഇതിനിടെ ഗാസയില്‍ ഭക്ഷണ-കുടിവെള്ള-വൈദ്യുതി ക്ഷാമം അതിരൂക്ഷമായിത്തുടരുകയാണ്. ജനറേറ്ററുകളുപയോഗിച്ചാണ് ആശുപത്രികളുടെ പ്രവര്‍ത്തനം.

 

 

ഗാസയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ ഖാന്‍ യൂനിസിലെ നാസ്സറില്‍ തീവ്രപരിചരണവിഭാഗം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. കൂടുതലും മൂന്നുവയസ്സില്‍താഴെയുള്ള കുട്ടികള്‍. തിങ്കളാഴ്ചയോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനം പൂര്‍ണമായും തീരും. വെന്റിലേറ്ററില്‍ 35 പേരുണ്ട്.

അതിനിടെ ഞായറാഴ്ച രാവിലെ ലെബനീസ് അതിര്‍ത്തിയില്‍നിന്ന് ഇസ്രയേലിലേക്ക് വെടിവെപ്പുണ്ടായി. ഒരാള്‍ മരിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ ലെബനീസ് അതിര്‍ത്തിയിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!