കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം തട്ടിയ സംഭവം; അസം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മീഞ്ചന്ത സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി അബ്ദുൽ റഹ്മാൻ ലസ്കറെ ആണ് പിടിയിലായത്. പന്നിയങ്കര പൊലീസിൻ്റെ സാഹസിക നീക്കത്തിലാണ് പ്രതി വലയിലായത്.

മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്.  പണം പിൻവലിക്കാൻ ചെക്ക് നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന് ബാങ്കിൽ നിന്ന് മറുപടി ലഭിച്ചതോടെയാണ് പരാതിക്കാരിയും ബന്ധുക്കളും തട്ടിപ്പ് അറിഞ്ഞത്. തുടർന്ന് സെപ്തംബർ ഇരുപത്തി ഒന്നിന് പന്നിയങ്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 1992 മുതലുള്ള അക്കൗണ്ടാണ് ഫാത്തിമബിയുടേത്. കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.

അതിനിടെ ചെക്കുമായി പണം പിൻവലിക്കാനായി ഫാത്തിമബിയുടെ മകൻ അബ്ദുൽ റസാഖ് ബാങ്കിലെത്തിയപ്പോഴാണ് പണം നേരത്തെ പിൻവലിച്ചുപോയ കാര്യം മനസ്സിലായത്. ഉടൻ ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പിച്ചു. എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടാണെങ്കിലും യുപിഐ വഴിയായിരുന്നു പണം പിൻവലിച്ചിരുന്നത്.

ഈ പണം ഏത് അക്കൗണ്ടിലേക്കാണ് പോയതെന്ന് പരിശോധിച്ചതിലൂടെ അസമിലെ ബാങ്ക് അക്കൗണ്ടാണെന്ന് കണ്ടെത്തി. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. തുടർന്ന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. മുരളീധരൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘം അസമിൽ പോയി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അസം പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പരാതിക്കാരി ആറ് വർഷം മുമ്പ് ഉപയോഗിച്ച മൊബൈൽ നമ്പർ വഴിയായിരുന്നു ബന്ധുവിന്റെ സഹായത്തോടെ പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആറ് വർഷം മുമ്പ് ഫാത്തിമബി ഉപേക്ഷിച്ചിരുന്നു. ഈ നമ്പർ പിന്നീട് യാദൃശ്ചികമായി പ്രതിക്ക് ലഭിക്കുകയായിരുന്നു. കെട്ടിടവാടകയിനത്തിലും മറ്റും ഫാത്തിമബിയുടെ അക്കൌണ്ടിലേക്ക് പണം വരുമ്പോൾ അത് സംബന്ധിച്ച മെസേജുകൾ ഈ മൊബൈൽ നമ്പറിലേക്ക് വരാറുണ്ടായിരുന്നു. അതിലൂടയാണ് പ്രതി താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൻ്റെ പഴയ ഉടമയെ കുറിച്ച് അറിയുന്നത്.

പിന്നീട് ഈ വിവരങ്ങളുടെ സഹായത്തോടെ ഓൺലൈൻ ട്രാൻസാക്ഷൻ ആപ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിലൂടെ പ്രതി കൈവശപ്പെടുത്തിയ മുഴുവൻ തുകയും തിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ സഹായിച്ച ബന്ധു ഒളിവിലാണ്. ഇയാളുടെ വിവരങ്ങൾ അസം പൊലീസിന് കൈമാറിയിട്ടുണ്ട്. വൈകാതെ ഇയാളും പിടിയിലാകുമെന്നാണ് സൂചന.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!