പ്രൊഫ. ഗോപിനാഥ് മുതുകാട് ജിദ്ദയിൽ; കുടുംബ സദസ്സിനെ അഭിസംബോധന ചെയ്യുന്നു
ജിദ്ദ – പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്‌പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് സൗദിയിലെ ജിദ്ദയിലെത്തുന്നു. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) ജിദ്ദ കൌൺസിൽ സംഘടിപ്പിക്കുന്ന “സന്തുഷ്ട കുടുംബം നാളെയുടെ ഭാവി” എന്ന ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് മുതുകാട് ജിദ്ദയിലേക്ക് വരുന്നത്.
ഒക്ടോബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ (ബോയ്‌സ്) ഓഡിറ്റോറിയത്തിലാണ് പരിപാടി. കുട്ടികൾ, മുതിർന്നവർ എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ബാധിച്ചിരിക്കുന്ന വിവിധങ്ങളായ സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധം എന്ന നന്മയുടെ പാത ലക്ഷ്യമാക്കിയാണ് ഡബ്ലിയു. എം. എഫ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബ സദസ്സിനെയാണ് മുതുകാട് അഭിസംബോധന ചെയ്യുക. പ്രവാസികളിലുൾപ്പെടെ പലരുടേയും സന്തോഷകരമായ കുടുംബ ജീവിതം പൊടുന്നനെ തകർന്ന് വീഴുന്നത് നിത്യസംഭമായി മാറിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിലേക്ക് വഴി തുറക്കുന്ന വിവിധ കാരണങ്ങളെ കുറിച്ചും, അതിനുള്ള പരിഹാരങ്ങളെ കുറിച്ചും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ കൂടിയായ മുതുകാട് വിശദീകരിക്കും. ലഹരി മരുന്നുകളുടെ ഉപയോഗത്തിലൂടെയും, അമിതമായ മൊബൈൽ ഉപയോഗത്തിലൂടെയും കുട്ടികൾ വഴിമാറി സഞ്ചരിക്കാൻ ഇടയാകുന്ന സാഹചര്യങ്ങളും, അതിനെ തടയാനുളള പ്രതിവധികളുമുൾപ്പെടെ, പല കുടുംബങ്ങളും തകരാൻ കാരണമായികൊണ്ടിരിക്കുന്ന മറ്റു നിരവധി കാര്യങ്ങളും മുതുകാട് കുടുംബ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
പൂർണമായും സൗജന്യമാണ് ഡബ്ലിയു. എം. എഫ് സംഘടിപ്പിക്കുന്ന ഈ പരിപാടി. കുടുംബങ്ങളെ ബാധിക്കുന്ന വിവിധ സാമൂഹിക വിപത്തുകൾക്കെതിരെയുള്ള ഈ പരിപാടിയിലേക്ക്, ജിദ്ദയിലെ മുഴുവൻ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കായിക സംഘടനകളുടെയും പരിപൂർണ സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നതായി ഡബ്ലിയു. എം. എഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക