ഗസ്സയെ വളഞ്ഞ് മൂന്ന് ലക്ഷം ഇസ്രായേൽ സൈനികർ, ആയുധങ്ങളുമായി യുഎസ് വിമാനവും യുദ്ധക്കപ്പലും എത്തി – വീഡിയോ

ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിന് പിന്തുണ ശക്തമാക്കി യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് എത്തിയതെന്ന് ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.

വൈകിട്ടോടെ നെവാറ്റില്‍ വ്യോമതാവളത്തിലാണു യുഎസ് വിമാനം എത്തിയതെന്ന് ഐഡിഎഫ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ആയുധങ്ങളുമായി യുഎസ് യുദ്ധവിമാനവും ഇസ്രയേലിൽ എത്തി. മെഡിറ്ററേനിയൻ കടലിൽ  യുഎസ്എസ് ജെറാൾഡ്  പടക്കപ്പലെത്തി. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാൾഡ്.

 

 

ഹമാസിന്റെ ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരിൽ യുഎസ് പൗരന്മാരുമുണ്ടെന്നും ഇത് തീർത്തും ക്രൂരമായ പ്രവർത്തിയാണെന്നും അദ്ദേഹം  ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വിശദീകരിച്ചു.

 

 

 

വിവിധ സേനാവിഭാഗങ്ങളിൽപെട്ട മൂന്ന് ലക്ഷം സൈനികരെ ഗസ്സ അതിർത്തിയിൽ വിന്യസിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ജൊനാഥൻ കോർനികസ് എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. ഇസ്രായേൽ സർക്കാർ നിർദേശിച്ച ദൗത്യം പ്രാവർത്തികമാക്കാൻ സൈന്യം സജ്ജമാണ്. ഇസ്രായേലിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ ഞങ്ങൾ തകർക്കും -സൈനിക വക്താവ് പറഞ്ഞു.

 

അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ നേതാക്കളുമായി ബ്ലിങ്കൺ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

‘പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശമാണിത്. ഇസ്രയേലുകാർ എന്താണ് അനുഭവിക്കുന്നത് എന്നത് അവരുടെ നേതാക്കളിൽനിന്ന് നേരിട്ട് അറിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി അവർക്ക് എന്താണ് ആവശ്യമെന്നും യുഎസിന് എങ്ങനെയാണ് അവരെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ കഴിയുകയെന്നും അറിയുകയാണ് ലക്ഷ്യം’– ബ്ലിങ്കന്റെ സന്ദർശനത്തെ കുറിച്ച് മാത്യു മില്ലർ പറഞ്ഞു. ബ്ലിങ്കനും മില്ലറുമാണ് ഇസ്രയേലിൽ എത്തുക.  യുഎസിന്റെ സാമ്പത്തിക–സൈനിക സഹായം, ബന്ദികളെ മോചിപ്പിക്കൽ എന്നീ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.

 

അതേ സമയം ഹമാസ് – ഇസ്രായേൽ സംഘർഷത്തിൽ അമേരിക്കയോ മറ്റേതെങ്കിലും മൂന്നാം രാജ്യമോ ഇടപെടുന്നതിനെതിരെ റഷ്യ ശക്തമായ മുന്നറിയിപ്പ് നൽകി. മൂന്നാം രാജ്യങ്ങളുടെ ഇടപെടലുണ്ടായാൽ യുദ്ധത്തിൻ്റെ ചിത്രം മാറുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

യുദ്ധത്തിൽ  ഇടപെടാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ യെമനിലെ ഹൂത്തി പോരാളികളും രംഗത്ത് വന്നു. അമേരിക്കൻ പടക്കപ്പലെത്തുന്നതിനെതിരെ തുർക്കിയും രംഗത്തെത്തി. യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കയെ ശക്തമായി നേരിടുമെന്നാണ് ഹൂത്തി മേധാവി പ്രഖ്യാപിച്ചത്. സൌദിയും ഖത്തറും ഉൾപ്പെടെ നിരവധി അറബ് രാജ്യങ്ങളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ തീരാദുരിതത്തിലാണ് ഗസ്സനിവാസികൾ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 900 കടന്നു. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്​. 4500 പേർക്കാണ്​ പരിക്ക്​. ​ഹമാസ്​ ആക്രമണത്തിൽ ആയിരത്തി അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഗസ്സ ആക്രമണത്തിൽ ഹമാസ്​ മന്ത്രിയും രാഷ്​ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ്​ അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ്​ നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശു​പത്രികളിലേക്ക്​ നീക്കാൻ പോലും സാധിച്ചില്ലെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

ഗസ്സയിലേക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ ആക്രമണം കനത്തതോടെ അടിയന്തര യോഗം വിളിച്ച് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും അറബ് ലീഗും. ഈജിപ്തിലെ കെയ്റോയിലാണ് അറബ് ലീഗ് യോഗം വിളിച്ചിട്ടുള്ളത്. ഇസ്രായേൽ ഉപരോധം ശക്തമാക്കിയതും ഗസ്സയിലേക്കുള്ള കരയുദ്ധവും യോഗങ്ങൾ ചർച്ച ചെയ്യും.  ഇടവേളയില്ലാതെ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ മന്ത്രിതല യോഗംവിളിച്ചത്. ജിദ്ദ ആസ്ഥാനമായ ഒ.ഐ.സിയിൽ 57 രാജ്യങ്ങൾ അംഗങ്ങളാണ്. പ്രശ്നപരിഹാരത്തിന് നീക്കം നടത്തുകയാണ് ലക്ഷ്യമെന്ന് ഒ.ഐ.സി പറയുന്നു. ഇരുപതിലേറെ രാജ്യങ്ങളാണ് അറബ് ലീഗിൽ അംഗങ്ങളായുള്ളത്.

 

 

ഗസ്സയിലേക്കുള്ള വെള്ളം ഭക്ഷണം വൈദ്യുതി എന്നിവ ഇസ്രായേൽ ഉപരോധിച്ചിട്ടുണ്ട്. ഇതുവരെ കൊല്ലപ്പെട്ട എഴുന്നൂറിലേറെ സാധാരണക്കാരിൽ 150ലധികം പേരും കുഞ്ഞുങ്ങളാണ്.

രണ്ടു ലക്ഷത്തിലേറെ പേർക്ക്​ ഗസ്സയിൽ വീടുകൾ നഷ്​ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ്​ സൈനികരെയാണ്​ ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്​. ഹമാസ്​ പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി. തടവുകാരിൽ 14 യു.എസ്​ പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന്​ ഒഴിപ്പിക്കാനും വിവിധ രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന്​ ജർമനി അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

്േോി

Share
error: Content is protected !!