ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ജിദ്ദയിൽ നിന്ന് മക്കയിലെത്താം; ഡയരക്ട് റോഡ് പദ്ധതി അവസാന ഘട്ടത്തിലെത്തി
ജിദ്ദ-മക്ക ഡയരക്ട് റോഡ് പദ്ധതി അവസാനഘട്ടത്തിലെത്തിയതായി റോഡ്സ് ജനറൽ അതോറിറ്റി അറിയിച്ചു. നാല് ഘട്ടങ്ങളിലായാണ് റോഡ് പദ്ധതി ആരംഭിച്ചത്. ആകെ 73 കിലോമീറ്ററാണ് റോഡിൻ്റെ ദൈർഘ്യം. ഇതിനോടകം പൂർത്തിയായ ആദ്യ മൂന്ന് ഘട്ട പദ്ധതികളിലൂടെ 53 കിലോ മീറ്റർ ദൈർഘ്യത്തിലുള്ള പ്രവർത്തികൾ പൂർത്തിയാക്കയിട്ടുണ്ട്. ശേഷിക്കുന്ന 20 കിലോമീറ്ററാണ് നാലാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ളത്. നാലാമത്തെയും അവസാനത്തെയും ഘട്ട പ്രവർത്തികൾ ആരംഭിച്ചതായി അതോറ്റി അറിയിച്ചു.
ഹജ്ജ് ഉംറ തീർഥാടകർക്ക് സഹായകരമെന്നോണമാണ് ഡയരക്ട് റോഡ് പദ്ധതി ആരംഭിച്ചത്. ആകെ 73 കിലോ മീറ്റർ ദൈർഘ്യത്തിൽ നാല് വരിപാതയായാണ് റോഡിൻ്റെ നിർമാണം. റോഡ് പദ്ധതിയുടെ 70 ശതമാനവും ഇതിനോടകം പൂർത്തീകരിച്ചു. പുതിയ റോഡ് തുറക്കുന്നതോടെ ഗതാഗത മേഖലയുടെ കാര്യക്ഷമത ഫലപ്രാപ്തിയും വർധിപ്പിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് നേരിട്ടെത്താനുള്ള പ്രധാന പാതയായി ഇത് മാറും. ഇതോടെ നിലവിലെ ഹറമൈൻ റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.
ഹജ്ജ് ഉംറ തീർഥാടകർക്ക് ജിദ്ദ കിംങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കെത്താനുള്ള ഏറ്റവും കുറഞ്ഞ യാത്ര ദൈർഘ്യമുള്ള പാതയായിരിക്കും ജിദ്ദ-മക്ക ഡയരക്ട് റോഡ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക