നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ചു; എട്ട് പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

നിരവധി പ്രവാസികള്‍ വിവിധ നിര്‍മ്മാണ സൈറ്റുകളില്‍ നിന്ന് നിര്‍മ്മാണ വസ്തുക്കള്‍ മോഷ്ടിക്കുകയും ഇവ സ്വകാര്യ സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്യുന്നതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നിയമപരമായ അനുവാദം വാങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച നിര്‍മ്മാണ സാമഗ്രികള്‍ കയറ്റിറക്ക് നടത്തുന്നതിനിടെ പ്രവാസികള്‍ കയ്യോടെ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലം തിരിച്ചറിയുകയും ഇവ പിടിച്ചെടുക്കുകയും ചെയ്തു. ചെമ്പ് വസ്തുക്കള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പ്രതികളെയും പിടികൂടിയ വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുകയാണ്. അനധികൃത പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ വ്യാപക പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്.

ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 19 പേരെയാണ് അധികൃതര്‍ പിടികൂടിയത്. 14 വ്യത്യസ്ത കേസുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 10 കിലോ വിവിധതരം ലഹരിമരുന്ന് പിടിച്ചെടുത്തു. ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, കഞ്ചാവ്, ഹെറോയിന്‍ എന്നിവ ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

ഇതിന് പുറമെ 10,000 സൈക്കോട്രോപിക് ഗുളികകളും പിടികൂടി. ലഹരിമരുന്ന് കച്ചവടത്തിലൂടെ നേടിയതെന്ന് കരുതുന്ന പണവും പിടിച്ചെടുത്തു. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശം സൂക്ഷിച്ചെന്നും ഇവ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ സമ്മതിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!