പീഡനത്തിനിരയായ പന്ത്രണ്ടുകാരിയെ ആട്ടിയോടിച്ച സംഭവം: ‘സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര മുറിവ്; പെൺകുട്ടി മരണത്തിൻ്റെ വക്കിലായിരുന്നു’, പുറത്ത് വരുന്നത് നെഞ്ച് പൊട്ടുന്ന വിവരങ്ങൾ
മധ്യപ്രദേശിലെ ഉജ്ജയിനിൽ പീഡനത്തിനിരയായി സഹായം അഭ്യർഥിച്ച് വീടുകളിൽ കയറിയിറങ്ങിയപ്പോൾ പന്ത്രണ്ടുകാരി മരണത്തിന്റെ വക്കിലായിരുന്നുവെന്ന് റിപ്പോർട്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റിരുന്നു. ചികിത്സ ലഭിക്കാൻ താമസിച്ചിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നു കുട്ടിയെ പരിചരിച്ചവര്‍ വെളിപ്പെടുത്തി.
ഗുരുതരാവസ്ഥ തരണം ചെയ്യുന്ന പെൺകുട്ടി കനത്ത മാനസികാഘാതവും വേദനയും അനുഭവിക്കുകയാണ്. ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി അമ്മയെ വിളിക്കുകയും സ്കൂൾ യൂണിഫോം ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് സ്കൂൾ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. എന്നാൽ ബന്ധുക്കളുടെ പേര് പറയാനോ സ്വദേശം എവിടെയാണെന്ന് പറയാനോ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകാൻ ചെന്നെങ്കിലും അവഗണിക്കുകയാണുണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു. സത്ന ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി ഞായറാഴ്ച എത്തിയത്. നിങ്ങൾ തന്നെ തിരച്ചിൽ നടത്താനും കണ്ടില്ലെങ്കിൽ 24 മണിക്കൂർ കഴിഞ്ഞ് വരാനുമാണ് പൊലീസ് പറഞ്ഞത്.
മുത്തച്ഛൻ പുല്ലരിയാൻ പോയപ്പോൾ ഞായറാഴ്ച ആരോടും പറയാതെയാണ് പെൺകുട്ടി പുറത്തുപോയതെന്ന് ബന്ധു പറഞ്ഞു. വൈകുന്നേരമായിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. രാത്രി പത്ത് മണിയോടെയാണ് പൊലീസിൽ പരാതി നൽകാൻ എത്തിയത്. പൊലീസ് സ്റ്റേഷനിൽനിന്നു മടങ്ങിയ ബന്ധുക്കൾ രാത്രി മുഴുവൻ പലയിടത്തും അന്വേഷണം നടത്തി. കണ്ടെത്താൻ സാധിക്കാതെ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കേസ് റജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയാറായത്.
രണ്ട് വയസ്സുള്ളപ്പോൾ പെൺകുട്ടിയെ അമ്മ ഉപേക്ഷിച്ചു പോയതാണ്. പിതാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണ്. മുത്തശ്ശിയായിരുന്നു പെൺകുട്ടിയെ സംരക്ഷിച്ചിരുന്നത്. മുത്തശ്ശിയെയാണ് അമ്മയായി കണ്ടിരുന്നത്. രണ്ട് വർഷം മുൻപ് ഇവരും മരിച്ചു. ഇത് പെൺകുട്ടിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കിയിരുന്നുവെന്നും ബന്ധു പറഞ്ഞു.
ബലാത്സംഗത്തിനിരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലുകളിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുണിക്കഷണം കൊണ്ട് ശരീരം മറച്ചിരുന്ന പെൺകുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലിൽ പൊതിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിച്ചതും.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായം അഭ്യർഥിച്ചിട്ടും മുഖംതിരിച്ചവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക