ബലാത്സംഗത്തിന് ഇരയായി പന്ത്രണ്ടുകാരി; ചോരയൊലിപ്പിച്ച് വാതിലിൽ മുട്ടി സഹായം തേടി, ആട്ടി ഓടിച്ച് നാട്ടുകാർ – വീഡിയോ

മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ ആട്ടി ഓടിച്ച് നാട്ടുകാർ. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണ് സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ ആട്ടി ഓടിച്ചത്. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ ഒരാൾ പെൺകുട്ടിയെ ആട്ടി ഓടിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിലാണ് ഇത്തരത്തിൽ ദൃശ്യം ലഭിച്ചത്.

ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെൺകുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലിൽ പൊതിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മുറിവുകൾ‌ ഗുരുതരമായതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ അറിയിച്ചു.

പെൺകുട്ടി എവിടെനിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഉത്തർപ്രദേശിലെ പ്രഗ്യരാജിൽ നിന്നാണെന്നാണ് സംസാര ഭാഷയിൽനിന്നും മനസ്സിലാകുന്നതെന്നും പൊലീസ് അറിയിച്ചു.

സത്രീകൾക്കെതിരായ അതിക്രമത്തിൽ മധ്യപ്രദേശിൻ്റെ മോശം റെക്കോർഡ് ശ്രദ്ധേയമാകുകയാണ് ഈ സംഭവത്തിലൂടെ. 2019 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും തിരോധാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. കൂടാതെ, 2021-ൽ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്- 6,462 – നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം. അതിൽ 50 ശതമാനത്തിലേറെയും പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളാണ്. മധ്യപ്രദേശിൽ പ്രതിദിനം 18 ബലാത്സംഗങ്ങൾ എന്നാണ് കണക്ക്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share

One thought on “ബലാത്സംഗത്തിന് ഇരയായി പന്ത്രണ്ടുകാരി; ചോരയൊലിപ്പിച്ച് വാതിലിൽ മുട്ടി സഹായം തേടി, ആട്ടി ഓടിച്ച് നാട്ടുകാർ – വീഡിയോ

Comments are closed.

error: Content is protected !!