കൃത്രിമമായി എക്സിറ്റ് വിസ നേടൽ, പണം നൽകി ഇഖാമ നേടൽ, പിടിയിലായവരെ പണം നൽകി പുറത്തിറക്കൽ തുടങ്ങി നിരവധി കേസിൽ ഉദ്യോഗസ്ഥരും വിദേശികളും പിടിയിലായി

സൗദിയില്‍ കൈകൂലി നൽകി വിവിധ സേവനങ്ങൾ നേടാൻ ശ്രമിച്ച കേസിൽ നിരവധി വിദേശികളും ഉദ്യോഗസ്ഥരും അറസ്റ്റിലായി. വിദേശിയുടെ ഭാര്യക്ക് അനധികൃതമായി എക്സിറ്റ് നൽകിയ രണ്ട് ജവാസാത്ത് ഉദ്യോഗസ്ഥരും അറസ്റ്റിലായവരിലുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അഴിമതി വിരുദ്ധ സമിതി (നസാഹ) യാണ് അറസ്റ്റ് ചെയ്തതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. വിദേശിയുടെ ഭാര്യ സൗദിയില്‍ നിന്ന് പുറത്ത് പോയതായും പിന്നീട് സൗദിയിലേക്ക് തിരിച്ച് പ്രവേശിച്ചതായും ജവാസാത്ത് കംപ്യൂട്ടർ സംവിധാനത്തിൽ കൃത്രിമമായി രേഖയുണ്ടാക്കിയതിനാണ് കരാതിർത്തിയിലെ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ഇതിനായി ഇവർ വിദേശിയിൽ നിന്ന് പണം സ്വീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ നിയമ വിരുദ്ധമായി ഇഖാമ നേടാൻ ഉദ്യോഗസ്ഥര്‍ക്ക് 50,000 റിയാല്‍ കൈക്കൂലി നല്‍കിയ സംഭവത്തിൽ ഒരു വിദേശിയേയും അധികൃതർ അറസ്റ്റ് ചെയ്തു.

ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ മൂന്നു വിദേശികളെ വിട്ടയക്കാന്‍ സുരക്ഷാ സൈനികന് 10,000 റിയാല്‍ കൈക്കൂലി വാഗ്ദാനം ചെയ്യുകയും, ഇതില്‍ 2,000 റിയാല്‍ കൈമാറുകയും ചെയ്ത മറ്റൊരു വിദേശിയും അറസ്റ്റിലായി.

മറ്റൊരു സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍ നടപ്പാക്കിയ വകയിൽ വിദേശിക്ക് ലഭിക്കാനുള്ള കുടിശ്ശിക വേഗത്തിൽ ലഭിക്കുവാൻ സഹായിക്കാമെന്ന് വാഗദാനം നൽകി പണം കൈപറ്റിയ ഒരു ഉദ്യോഗസ്ഥനും അറസ്റ്റിലായി. സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയില്‍ നിന്ന് 5,09,000 റിയാലാണ് ഇയാൾ കൈക്കൂലിലായി സ്വീകരിച്ചത്. ഈ കേസിൽ ഒരു ലെഫ്. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തത്.  സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റില്‍ ഡയറക്ട് പര്‍ച്ചേയ്‌സിംഗ് കമ്മിറ്റി മേധാവിയായാണ് പ്രതിയായ ഉദ്യോഗസ്ഥന്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഇയാൾക്ക് കൈക്കൂലി നല്‍കിയ വിദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസിലും വിദേശി അറസ്റ്റിലായി. ഗവണ്‍മെന്റ് ആശുപത്രിയിലെ വിദേശിയായ ഡോക്ടറാണ് സംഭവത്തിൽ അറസ്റ്റിലായത്. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

ബാങ്കിൽ നിന്ന് അനധികൃതമായ മാർഗത്തിലൂടെ പത്ത് കോടിയിലേറെ റിയാൽ വായ്പ നേടിയ കേസിൽ ഒരു വ്യവസായിയും അറസ്റ്റിലായി. വ്യാജ പദ്ധതികളുടെ രേഖകൾ സമർപ്പിച്ചാണ് ഇയാൾ വൻ തുക വായ്പ ഇനത്തിൽ ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. ഇതിന് കൂട്ടുനിന്ന ബാങ്ക് ഉദ്യോഗസ്ഥനും പിടിയിലായി. ബാങ്ക് ഉദ്യോഗസ്ഥൻ ഇതിനായി വ്യവസായിയിൽ നിന്ന് പണം കൈപറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!