കൊല്ലത്ത് സൈനികൻ്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയിൽ

കടയ്ക്കൽ (കൊല്ലം) ∙ കൈകൾ ബന്ധിച്ചു വായ് മൂടിയ ശേഷം മർദിച്ച് മുതുകത്ത് പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നു രേഖപ്പെടുത്തിയെന്ന സൈനികന്റെ പരാതിയിൽ വൻ ട്വിസ്റ്റ്. സൈനികന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. രാജസ്ഥാനിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയ കടയ്ക്കൽ തുടയന്നൂർ ചാണപ്പാറ ബി.എസ്.ഭവനിൽ ഷൈൻ (35) ആണ് വ്യാജപരാതി നൽകിയത്. പ്രശസ്തനാകണമെന്ന ഷൈനിന്റെ ആഗ്രഹമാണ് പരാതിക്കു പിന്നിലെന്ന് സുഹൃത്താണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

സംഭവത്തിൽ ഷൈൻ കുമാറും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. പുറത്ത് എഴുതാൻ ഉപയോഗിച്ച പെയിന്റ് പൊലീസ് കണ്ടെടുത്തു. ഇരുവരെയും കടയ്ക്കൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ആക്രമിച്ചതായി പരാതി ലഭിച്ചതുമുതൽ പൊലീസിനു ചില സംശയങ്ങളുണ്ടായിരുന്നു. ഒന്നാമതായി, ആക്രമിച്ചുവെന്ന് പറയുന്ന വിജനമായ സ്ഥലത്ത് അതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. തുടർന്ന് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കം.

സൈനികന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പ്രാഥമികമായി കേസെടുത്തെങ്കിലും ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികളാണ് ഷൈൻ നൽകിയത്. ഇന്നലെ രാത്രി 11 മണി വരെ ചോദ്യം ചെയ്തശേഷം ഇന്നു രാവിലെയും ചോദ്യം ചെയ്തു. സുഹൃത്തായ ജോഷിക്ക് പണം നൽകി മടങ്ങുമ്പോഴാണ് ആക്രമണമെന്ന് ആദ്യഘട്ടത്തിൽ ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് ജോഷിയെയും ചോദ്യം ചെയ്തപ്പോഴാണ് കള്ളം പൊളിഞ്ഞത്.

 

സംഭവത്തെക്കുറിച്ച് ജോഷിയുടെ മൊഴി ഇങ്ങനെ:

പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്. അതുകൊണ്ട് ഞാൻ അങ്ങനെ എഴുതി. അതുകഴിഞ്ഞ് എന്താണ് എഴുതിയതെന്നു ചോദിച്ചു. ഡിഎഫ്ഐ എന്നു പറഞ്ഞപ്പോൾ, അങ്ങനെയല്ല, ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു. അങ്ങനെ ഞാൻ രണ്ടാമത് പി എന്ന് എഴുതി. പിന്നീട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചു.

അതിനു മുൻപ് എന്റെ അടുത്തു വന്ന് ഒന്ന് ഇടിക്കാൻ പറഞ്ഞു. ആ അവസ്ഥയിൽ എനിക്ക് ഇടിക്കാനാകുമായിരുന്നില്ല. ഞാൻ നല്ലതുപോലെ കഴിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇടിച്ചില്ല. എന്നെക്കൊണ്ടു പറ്റില്ലെന്നു തന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ നിലത്തു കിടക്കാം, ഒന്നു വലിച്ചിഴയ്ക്കാൻ പറഞ്ഞു. അതും പറഞ്ഞ് ഷൈൻ നിലത്തു കിടന്നു. അയാൾക്ക് നല്ല ഭാരമുണ്ടായിരുന്നു. പിന്നെ എനിക്ക് അങ്ങനെ വലിച്ചിഴയ്ക്കാവുന്ന അവസ്ഥയുമല്ലായിരുന്നു. അതും നടന്നില്ല.

അങ്ങനെ അവൻ സ്വയം വായിൽ ടേപ്പ് ഒട്ടിച്ചു. അതുകഴിഞ്ഞ് കയ്യിൽ ടേപ്പ് ഒട്ടിച്ചുകൊടുക്കാൻ പറഞ്ഞു. അതുകഴിഞ്ഞ് എന്നെ പറഞ്ഞുവിട്ടു. ഇനി കുഴപ്പമില്ല, ബാക്കി നോക്കിക്കോളാമെന്നും പറഞ്ഞു. ജോലിപരമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെന്ന് കരുതിയായിരിക്കാം അങ്ങനെ ചെയ്തത്.’ – ജോഷി പറഞ്ഞു.

 

∙ പരാതി ഇങ്ങനെ:

കഴിഞ്ഞ ദിവസമാണ് പരാതിയുമായി സൈനികൻ സ്റ്റേഷനിൽ എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കു പ്രഥമ ചികിത്സ നൽകി വിട്ടയച്ചിരുന്നു. ചാണപ്പാറ മുക്കടയിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് ഇന്നലെ ജോലി സ്ഥലത്തേക്കു പോകാനിരിക്കെയായിരുന്നു സംഭവമെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കടം വാങ്ങിയ പണം സുഹൃത്തിനു നൽകാനായി രാത്രി ബൈക്കിൽ പോകുമ്പോൾ റോഡിൽ വിജനമായ സ്ഥലത്തു ചിലർ നിൽക്കുന്നത് കണ്ടു. എന്താണെന്നു ചോദിച്ചു. ആരോ വീണു കിടക്കുകയാണെന്നും ഇറങ്ങി പരിചയമുണ്ടോയെന്നു നോക്കാനും അവർ പറഞ്ഞു. സംഘത്തിൽ നാലു പേർ ഉണ്ടായിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങിയ ഷൈനിനെ ഒരാൾ ചവിട്ടി വീഴ്ത്തിയെന്നും തുടർന്ന് മറ്റുള്ളവർ ചേർന്ന് മർദിക്കുകയും ബ്ലേഡ് കൊണ്ടു ഷർട്ട് കീറി പുറത്ത് പിഎഫ്ഐ എന്ന് എഴുതിയെന്നുമായിരുന്നു പരാതി. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, കടയ്ക്കൽ ഇൻസ്പെക്ടർ പി.വി.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തി കേസെടുത്തത്. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തമായ വിവരം ലഭ്യമാകുവെന്നായിരുന്നു പൊലീസ് ഭാഷ്യം.

അതേസമയം, ഷൈനിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഉൗർജിത അന്വേഷണം വേണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിലും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്, സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!