കാവലിന് 13 നായ്ക്കൾ,കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം; കോട്ടയത്തെ ‘അധോലോക’ത്ത് നിന്ന് പിടിച്ചത് 18 കിലോ ലഹരി

കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പോലീസിന്റെ പരിശോധന. എന്നാല്‍, പോലീസിനെ കണ്ടതോടെ റോബിന്‍ ജോര്‍ജ് ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നും വിവരമുണ്ട്.

റോബിന്‍ ജോര്‍ജിന്റെ നായ പരിശീലനകേന്ദ്രത്തില്‍ രാത്രിയും പുലര്‍ച്ചെയും പുറത്തുനിന്ന് പലരും എത്താറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇയാള്‍ക്ക് പരിസരവാസികളുമായി ബന്ധമൊന്നുമില്ല. ഏതുംസമയത്തും പട്ടികളെ അഴിച്ചുവിടുന്നതിനാല്‍ ആര്‍ക്കും വീട്ടുവളപ്പില്‍ കയറാനാകില്ല. രാത്രിസമയത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വരാറുണ്ട്. പട്ടിയെ പരിശീലനത്തിന് ഏല്‍പ്പിക്കാനാണ് ഇവരെല്ലാം വരുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. എന്നാല്‍, കഴിഞ്ഞദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് റെയ്ഡ് നടത്തിയതോടെയാണ് ലഹരിക്കച്ചവടമാണെന്ന് തിരിച്ചറിഞ്ഞത്.

 

 

അധോലോക സിനിമകളിലെ മാഫിയസംഘങ്ങളുടെ താമസകേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയിലാണ് റോബിന്റെ വീടും പുരയിടവും. ചുമരിലാകെ പലനിറത്തിലുള്ള ചിത്രങ്ങളാണ്. തന്റെ സ്വന്തം ചിത്രവും ഇയാള്‍ ചുമരില്‍ വരച്ചിട്ടുണ്ട്. നായ്ക്കളെ പരിശീലിപ്പിക്കുന്ന വിവിധ വീഡിയോകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.

 

ഒന്നരവര്‍ഷം മുന്‍പ് റോബിനും ഭാര്യയും ചേര്‍ന്നാണ് ഈ വീടും സ്ഥലവും വാടകയ്ക്ക് എടുത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനുംദിവസങ്ങളായി റോബിന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച രാത്രി പത്തുമണിയോടെ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ നായ്ക്കളെ അഴിച്ചുവിട്ടു. പിന്നാലെ ബര്‍മുഡ മാത്രം ധരിച്ചിരുന്ന ഇയാള്‍ വീടിന്റെ പിറകിലെ പറമ്പിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!