‘കാവലിന്’ മുന്തിയ ഇനം നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു.

വിഷ്ണുവിനെ കഴിഞ്ഞ വര്‍ഷവും 8.5 ഗ്രാം കഞ്ചാവുമായി വര്‍ക്കലയില റിസോർട്ടിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് കല്ലമ്പലത്തും ലഹരിക്കച്ചവടം നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിഷ്ണു ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും അനാശാസ്യ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാര്‍ വീട്ടുടമസ്ഥനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടിലാണ് ഇരുവരും പിടിയിലായത്. കല്ലമ്പലം പൊലീസും ഡാന്‍സാഫ് സംഘവും അതിസാഹസികമായാണ് ഇവരെ വീട്ടില്‍നിന്നും പിടികൂടിയത് .

ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, വര്‍ക്കല എഎസ്പി വിജയ ഭാരത റെഡ്ഡി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.ടി.രാസിത്ത്, കല്ലമ്പലം ഐഎസ്എച്ച്ഒ വി.കെ വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്ഐ ദിപു സത്യദാസ്. ഡാന്‍സാഫ് എസ്ഐ ഫിറോസ് ഖാന്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ബി.ദിലീപ്, ആര്‍.ബിജു കുമാര്‍, സംഘാംഗങ്ങളായ അനൂപ്, സുനില്‍ രാജ്, വിനീഷ്, ഗോപന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

സംസ്ഥാന പൊലീസിന്റെ ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് സംസ്ഥാന വ്യാപകമായി ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. ‘ഡി ഹണ്ട്’ എന്ന പേരിൽ 1373 സ്ഥലങ്ങളിൽ നടന്ന റെയ്ഡ് ഏകോപിപ്പിച്ചത് ടാസ്ക്ഫോഴ്സ് തലവനായ ക്രമസമാധാന എഡിജിപി എം.ആർ.അജിത് കുമാറാണ്.

സ്ഥിരം ലഹരികടത്തുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമായിരുന്നു പരിശോധന. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 246 കേസ് റജിസ്റ്റർ ചെയ്തു. 244 പേരെ അറസ്റ്റ് ചെയ്തു. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുകളായ എംഡിഎംഎയും കിലോക്കണക്കിനു കഞ്ചാവും ഹഷീഷ് ഓയിലും ബ്രൗൺ ഷുഗറും പരിശോധനയിൽ പിടിച്ചെടുത്തു.

കൊച്ചിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്– 61. സ്ഥിരം ഇടപാടുകാരുടെ ഡേറ്റാ ബാങ്ക് തയാറാക്കുകയും ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെ ഒരു മാസത്തോളം നിരീക്ഷിക്കുകയും ചെയ്തശേഷമാണ് ഓപ്പറേഷൻ ഡി ഹണ്ട് നടത്താൻ പൊലീസ് മേധാവി നിർദേശം നൽകിയത്.

 

സേവ് ചെയ്യാം, ഈ നമ്പർ: 94979 27797

ലഹരിമരുന്ന് സംബന്ധിച്ച രഹസ്യവിവരങ്ങൾ പൊലീസിന് കൈമാറുന്നതിന് എഡിജിപി എം.ആർ.അജിത്കുമാറിന്റെ കീഴിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർകോട്ടിക് കൺട്രോൾ റൂം തുടങ്ങി. 94979 27797 ഇൗ നമ്പറിൽ വാട്സാപ്പിലും അല്ലാതെയും വിവരങ്ങൾ അറിയിക്കാം. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!