പരമ്പരാഗത സൗദി വേഷത്തില്‍ നൃത്തം ചെയ്ത് നെയ്മര്‍, വൈറലായി വീഡിയോ

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത് ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മര്‍. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഹിലാല്‍ താരം കൂടിയായ നെയ്മര്‍ പരമ്പരാഗത സൗദി വേഷത്തിലാണ് നൃത്തം ചെയ്യുന്നത്. പിഎസ്ജി വിട്ട് ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍ എത്തുന്നത് രണ്ടുവര്‍ഷ കരാറിലാണ്. 2017ല്‍ ബാഴ്‌സോലണയില്‍ നിന്ന് 1646 കോടി രൂപയിലേറെ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം സൗദിയുടെ ദേശീയ ദിനം അല്‍ നാസര്‍ ക്ലബ്ബിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

പരമ്പരാഗതമായ സൗദി വസ്ത്രം ധരിച്ചും കയ്യില്‍ വാളേന്തിയുമാണ് ക്രിസ്റ്റ്യാനോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പശ്ചാത്തലത്തില്‍ സംഗീതത്തിനൊപ്പം ചുവടും വെക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും ക്രിസ്റ്റിയാനോ പങ്കെടുത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

 

ജനുവരിയിലാണ് റൊണാൾഡോ അൽ നാസർ ക്ലബിൽ ചേർന്നത്. പ്രതിവർഷം 200 ദശലക്ഷം യൂറോയ്ക്ക് 2025 വരെ നീളുന്ന കരാറിൽ ഒപ്പുവച്ചു. നിലവിൽ 7 ഗോളുകളുമായി സൗദി ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ അദ്ദേഹം മുന്നിലാണ്. ക്രിസ്റ്റ്യാനോ വരാനിരിക്കുന്ന റിയാദ് സീസണിന്റെ അംബാസഡറാകാന്‍ പോകുന്നെന്ന വാര്‍ത്തയും ആരാധകര്‍ക്ക് ആവേശം പകരുന്നു.

അതേസമയം 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി സ്പോർട്സ് ക്ലബ്ബുകൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. സൗദി പൈതൃകം പുനരുജ്ജീവിപ്പിക്കാനും ആഘോഷങ്ങൾ നടത്താനും വിദേശ താരങ്ങളെ രാജ്യത്തിെൻറ ചരിത്രത്തിലേക്ക് പരിചയപ്പെടുത്താനും നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 93-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം അൽനസ്ർ ക്ലബ്ബ് നേരത്തെ ആരംഭിച്ചിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!