വിവാഹസ്വപ്നവുമായി 6 വർഷം ബന്ധം, വിള്ളൽ വീഴ്ത്തി യുവതി; ഞെട്ടലായി റെയിൽവേ പൊലീസുകാരുടെ ആത്മഹത്യ
ചെന്നൈ: വിവാഹേതര ബന്ധം പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും (30) സൊക്കലിംഗ പാണ്ഡ്യനുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടു കുട്ടികൾക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പിന്നാലെയായിരുന്നു സൊക്കലിംഗ പാണ്ഡ്യന്റെയും ആത്മഹത്യ. മധുരയിലും ചെങ്കോട്ടയിലുമായാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും ജീവനൊടുക്കിയത്.
റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥയായ ജയലക്ഷ്മി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു മക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ ആറു വര്‍ഷമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ സൊക്കലിംഗപാണ്ഡ്യനുമായി ബന്ധമുണ്ടായിരുന്നു. സൊക്കലിംഗപാണ്ഡ്യനും വിവാഹബന്ധം വേര്‍പെടുത്താനുള്ള നിയമപോരാട്ടത്തിലായിരുന്നു. ഇതിനു ശേഷം വിവാഹം ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരും. ലക്ഷക്കണക്കിനു രൂപയും കാറും ജയലക്ഷ്മിയില്‍ നിന്നും സൊക്കലിംഗപാണ്ഡ്യന് വാങ്ങിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെയാണ് സൊക്കലിംഗപാണ്ഡ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി അറിയുന്നത്. തുടര്‍ന്ന് ഈ സ്ത്രീയെ വിളിച്ച് ജയലക്ഷ്മി ഭീഷണിപ്പെടുത്തി. ഇതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളിയിലേക്കു സ്ഥലം മാറ്റി. ഇതിനു പിന്നാലെ ഇവർ മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ ഒൻപതും പതിനൊന്നും വയസ്സുള്ള മക്കൾക്കൊപ്പം ജയലക്ഷ്മി ട്രെയിനിനു മുന്പില് ചാടി ആത്മഹത്യ ചെയ്തത്.
ജയലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ സൊക്കലിംഗപാണ്ഡ്യന് ചെങ്കോട്ടയില്‍ ട്രെയിനിനു മുന്പില് ചാടി മരിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തു വന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക