ഗോവയിലേക്ക് വിനോദയാത്രപോയി; തിരിച്ചെത്തിയ ബസില്‍ നിന്ന് പിടികൂടിയത് 50 കുപ്പി മദ്യം, പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍

കൊച്ചി: ടി.ടി.സി. വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലടക്കം നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവന്‍ മദ്യം ബസിന്റെ ലഗേജ് അറയില്‍ നിന്ന് പിടികൂടിയത്. ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ബാഗുകളിലായി മദ്യം സൂക്ഷിച്ച നിലയിലായിരുന്നു.

കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് വിനോദയാത്ര പോയത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പാലാരിവട്ടം ഭാഗത്തുവെച്ച് ബസില്‍ നിന്ന് മദ്യം പിടികൂടിയത്.

കേരള അബ്കാരി നിയമം 58-ാം വകുപ്പ് പ്രകാരം കേരളത്തില്‍ വില്‍പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത് പത്ത് വര്‍ഷംവരെ ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി എക്‌സൈസ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!