‘ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വക്താവായ സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ട’: പ്രസ്താവനയുമായി സത്യജിത്ത് റേ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ

അഭിപ്രായം ചോദിക്കാതെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതിൽ മുൻ എംപിയും നടനുമായ സുരേഷ് ഗോപി അതൃപ്തനാണെന്ന റിപ്പോർട്ടുകൾക്കിടെ, സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയതിൽ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാർഥികളും. സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധമാണ് എതിർപ്പിനു പിന്നിലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

”വേറിട്ട ശബ്ദങ്ങളിലുള്ള ശ്രദ്ധേയ സിനിമകളും സിനിമാ നിർമാതാക്കളെയും സൃഷ്ടിച്ചതിന്റെ 25 വർഷത്തെ പാരമ്പര്യമുണ്ട് എസ്.ആർ.എഫ്.ടി.ഐയ്ക്ക്. സത്യജിത് റായിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള, കലാ-ബൗദ്ധിക മികവിന്റെ സമ്പന്ന ചരിത്രവുമുണ്ട് സ്ഥാപനത്തിന്. എസ്.ആർ.എഫ്.ടി.ഐ മുന്നോട്ടുവയ്ക്കുന്ന കലാസ്വാതന്ത്ര്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസുള്ള ഒരാളായിരിക്കണം സ്ഥാപനത്തെ നയിക്കേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തോടും ബി.ജെ.പിയോടും ചേർന്നുനിൽക്കുന്നയാളാണ് സുരേഷ് ഗോപി എന്നതാണ് ഞങ്ങളുടെ ആശങ്ക”-ഫേസ്ബുക്കിൽ പങ്കുവച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

രാജ്യത്തിന്റെ മതേതരഘടനയ്ക്കു തന്നെ ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഭാഗീയമായ പരാമർശങ്ങൾ നടത്തിയയാളാണ് സുരേഷ് ഗോപിയെന്നും ഇതിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാർട്ടിയുമായി, പ്രത്യേകിച്ചും വിഭാഗീയ നിലപാടുകൾക്കു പേരുകേട്ട കക്ഷിയുമായുള്ള അടുത്ത ബന്ധമുള്ളയാൾ എസ്.ആർ.എഫ്.ടി.ഐ ഉയർത്തിപ്പിടിക്കുന്ന കലാസ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും തത്വങ്ങളെ ഇല്ലായ്മ ചെയ്യുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. ക്രിയാത്മകതയുടെയും കലാസ്വാതന്ത്ര്യത്തിന്റെയും തുറന്ന സംവാദത്തിന്റെയും കേന്ദ്രമാണ് എസ്.ആർ.എഫ്.ടി.ഐ. ആ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നയാളാകണം സ്ഥാപനത്തിന്റെ ചെയർമാനും പ്രസിഡന്റുമെന്നതും വളരെ പ്രധാനമാണ്. അവിടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു ഭയവും പക്ഷപാതവും പ്രത്യയശാസ്ത്ര വിലക്കുകളുമില്ലാതെ സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നയാളാകണം വരേണ്ടതെന്നും കുറിപ്പിൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ സൽപ്പേരിനെയും വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് തുറന്ന അവസരം നൽകാനുള്ള സ്ഥാപനത്തിന്റെ ശേഷിയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. എസ്.ആർ.എഫ്.ടി.ഐ ചെയർമാനും പ്രസിഡന്റുമെല്ലാം സ്ഥാപനത്തിന്റെ ബഹുസ്വര ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നയാളാകണം. സ്ഥാപനത്തിന്റെ കലാപരവും അക്കാദമികവുമായ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നയാളാകരുതെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സുരേഷ് ഗോപിയെ എസ്.ആർ.എഫ്.ടി.ഐ പ്രസിഡന്റായി കേന്ദ്ര സർക്കാർ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു നിയമന വിവരം പുറത്തുവിട്ടത്. സ്ഥാപനത്തിന്റെ ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ്. മൂന്നു വർഷത്തേക്കാണു നിയമനം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!