സൗദിയിൽ എല്ലാ വിഭാഗം മാധ്യമങ്ങളും ഇനി ഒരു കുടക്കീഴിൽ; സോഷ്യൽ മീഡയയിൽ ഉൾപ്പെടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കും
റിയാദ്: അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ഒരു കുടക്കീഴിലാക്കി. സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അറിയിച്ചു. ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭായോഗം അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
പുതിയ വ്യവസ്ഥകൾ അനുസരിച്ച് അതോറിറ്റിയുടെ റോളുകളും ചുമതലകളും വിപുലീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാത്തരം മാധ്യമങ്ങൾക്കുമേൽ ഉത്തരവാദിത്തമുള്ള ആധികാരിക മേൽനോട്ട സംവിധാനമായി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ മാറി. മാധ്യമങ്ങൾക്ക് മേൽ അതോറിറ്റിയുടെ നിരന്തര നിരീഷണവും നിയന്ത്രണവുമുണ്ടാവും.
അച്ചടി, ദൃശ, ശ്രാവ്യ മാധ്യമങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഡിജിറ്റൽ മീഡിയ ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും. ‘വിഷൻ 2030’െൻറ പോഷക ഘടകങ്ങളിലൊന്നായി രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനും അതിെൻറ വികസനം ഉറപ്പാക്കുന്നതിനുമാണ് അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ വിപുലീകരിച്ചിരിക്കുന്നത്. മാധ്യമ പ്രതിഭകൾക്ക് ശ്രദ്ധ നൽകുക, പരിശീലനത്തിലൂടെയും വികസന പരിപാടികളിലൂടെയും സൗദി യുവാക്കളുടെ പങ്ക് ശാക്തീകരിക്കുക, നടപടിക്രമങ്ങൾ സുഗമമാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും ചെയ്തുകൊണ്ട് മാധ്യമ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുക അതോറിറ്റിയുടെ ഉത്തരവാദിത്തത്തിൽപ്പെടും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക