പാസ്പോർട്ടില്ലാത്ത യാത്ര; യാത്രക്കാരുടെ മുഖവും വിരലടയാളവും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കും, നടപടി ഊർജിതമാക്കാൻ ഒരുങ്ങി യുഎഇ
ദുബായ്: അതിര്‍ത്തികളുടെ ഭാവി നയങ്ങൾ സംബന്ധിച്ച ആഗോള സമ്മേളനത്തിനു ദുബായ് മദീനത് ജുമൈറയിൽ തുടക്കമായി. ലോക രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന സമ്മേളനം ദുബായ് രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ടുകളുടെയും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉദ്ഘാടനം ചെയ്തു.
നിർമിതബുദ്ധിയുടെ സഹായത്തോടെ ദുബായ് എയർപോർട്ടിൽ പാസ്പോർട്ട് രഹിത യാത്ര കൂടുതൽ വിപുലപ്പെടുത്താനുള്ള നടപടികൾ ഊർജിതപ്പെടുത്തുമെന്ന് ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. യാത്രക്കാർക്ക് സ്‌പർശന രഹിത യാത്ര സുഗമമാക്കുന്നതിനും ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. പാസ്‌പോർട്ടുകൾക്ക് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക