പെട്ടി തിരിച്ചുതന്നു, പക്ഷേ ദുബായിൽ എനിക്ക് സംഭവിച്ച നഷ്ടത്തിന് എയർ ഇന്ത്യക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മെൻ്റലിസ്റ്റ് ഫാസിൽ ബഷീർ
ആവേശത്തോടെ അവതരിപ്പിക്കാനെത്തിയ പരിപാടി മുടങ്ങിയെങ്കിലും മെന്റലിസ്റ് ഫാസിൽ ബഷീറിന്റെ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ അടങ്ങിയ പെട്ടി തിരിച്ചുകിട്ടി. ഇന്ന് (ബുധൻ) കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാസിൽ എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ, തിരിച്ചുകിട്ടിയ പെട്ടിയിൽ ഇതുസംബന്ധമായ കാർട്ടൂൺ പതിച്ച് എയർ ഇന്ത്യയെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഫാസിൽ മനോരമ ഒാൺലൈനിനോട് പറഞ്ഞു.
12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ വലിയ പെട്ടിയാണ് ആണ് കഴിഞ്ഞ ദിവസം കാണാതായത്. ഇന്നലെ രാത്രി ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇവ തിരിച്ചുകിട്ടി. ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നായിരുന്നു ഫാസിൽ കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്ത എയർ ഇന്ത്യയുടെ വിശദീകരണം.
പെട്ടി നഷ്ടമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ദുബായിൽ നടക്കേണ്ടിയിരുന്ന ഫാസിലിന്റെ പരിപാടി മുടങ്ങിയിരുന്നു. ദുബായിലേക്കുള്ള എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ പെട്ടി നഷ്ടപ്പെട്ടത്. മെന്റലിസം– ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ അപൂർവ വസ്തുക്കളടങ്ങിയ പെട്ടിയെക്കുറിച്ച് ഒരു വിവരവും ലഭ്യമായില്ല. കൊച്ചിയിൽ നിന്ന് പെട്ടി വിമാനത്തിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബായിൽ വന്ന വിമാനത്തിൽ ആ പെട്ടി ഇല്ല എന്ന് ദുബായ് എയർ ഇന്ത്യ ഓഫീസും മറുപടി നല്‍കി.
സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള, പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് പെട്ടി കയറ്റിവിട്ടത്. നേരിട്ട് സ്കാൻ ചെയ്ത് എയർ ഇന്ത്യ സ്റ്റാഫിന് കൈമാറുകയായിരുന്നു. എന്നാൽ യുഎഇ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ന് ദുബായിൽ വിമാനം ഇറങ്ങി ലഗേജ് എടുക്കാൻ പോയപ്പോൾ പെട്ടി കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പെട്ടി വന്നിട്ടില്ലെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. നാട്ടിൽ നിന്ന് പെട്ടി അയച്ചതിന്റെ രസീത് സഹിതം കാണിച്ചിട്ടും രക്ഷയില്ല. അതേസമയം പെട്ടി അയച്ചെന്നായിരുന്നു കൊച്ചി എയർ ഇന്ത്യ അധികൃതരുടെ നിലപാട്. രാത്രി എട്ടു വരെ വിമാനത്താവളത്തിൽ പെട്ടി അന്വേഷിച്ച് ഫാസിൽ അലഞ്ഞു.
പെട്ടിയിൽ പതിച്ച കാർട്ടൂൺ
ജീവനക്കാർക്ക് സംഭവിച്ച വീഴ്ച; ദേ, പിന്നേം മാപ്പ്!
പിന്നീട് പെട്ടി അധികൃതർ തന്നെ കണ്ടെത്തുകയായിരുന്നു. പെട്ടി ദുബായിലെത്തിയിരുന്നുവെന്നും ബാഗേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച വീഴ്ചയാണ് കാരണമായതെന്നുമാണ് പിന്നീട് എയർ ഇന്ത്യയുടെ പ്രതികരണം. ഇതിന് മാപ്പു ചോദിക്കുന്നുവെന്നും വ്യക്തമാക്കി. എന്നാൽ, ഇനി മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും എല്ലാ ഒരുക്കങ്ങളോടെയും എത്തിയ നിലമ്പൂർ അസോസിയേഷന്റെ പരിപാടിയിലെ തന്റെ മെന്റലിസം ഷോ ഒഴിവാക്കേണ്ടി വന്നത് വലിയ നഷ്ടവും നിരാശയും സമ്മാനിച്ചെന്ന് ഫാസിൽ പരാതിപ്പെട്ടു. ബാഗേജിലുള്ളത് അമേരിക്കയിൽ നിന്ന് വൻ തുക നൽകി വാങ്ങിയ സാധനങ്ങളായിരുന്നു. അത് മറ്റെവിടെ നിന്നും വാങ്ങാൻ സാധിക്കാത്തവയുമാണ്. സാധാരണ ഗതിയിൽ മാന്ത്രിക പ്രകടനം പോലെ സാധനങ്ങൾ ഉപയോഗിക്കുന്നത് ആസ്വാദകർ മെന്റലിസം ഷോയിൽ പ്രത്യക്ഷത്തിൽ കാണാറില്ല. പക്ഷേ, അവയില്ലാതെ മെന്റലിസം ഷോ അവതരിപ്പിക്കാനാകുമായിരുന്നില്ല. മെന്റലിസം ഒരു പ്രചോദനാത്മക പരിപാടിയാണ്. പെട്ടി നഷ്ടപ്പെട്ടതോടെ ഷോ വേണ്ടെന്ന് വച്ചു. ഇതുകാരണം ഹാളും പ്രത്യേക സൗണ്ട് സിസ്റ്റവും ഏർപ്പെടുത്തിയ സംഘാടകർക്കും വൻ തുക നഷ്ടമായി. ഫാസിലിന് ലഭിക്കേണ്ടിയിരുന്ന പ്രതിഫലവും മുടങ്ങി. സാധനങ്ങൾ നേരിയ കേടുപാടുകൾ സംഭവിച്ചെങ്കിലും അത് തിരിച്ചുകിട്ടിയതിൽ ആശ്വാസമുണ്ടെന്ന് ഫാസിൽ പറയുന്നു.
പെട്ടിയിൽ പതിഞ്ഞ ട്രോൾ
ദുബായിലേക്ക് വന്ന അതേ വിമാനത്തിൽ തന്നെയാണ് ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് 2.45ന് ഫാസിലിന്റെ കൊച്ചിയിലേയ്ക്കുള്ള മടക്കയാത്രയും. സുഹൃത്തും കാർട്ടൂണിസ്റ്റുമായ രാജേട്ടൻ വരച്ചുനൽകിയ വലിയ കാർട്ടൂൺ പ്രദർശിപ്പിച്ച പെട്ടിയുമായി ദുബായിൽ എയർ ഇന്ത്യയെ പ്രതിഷേധം അറിയിക്കും. അടിക്കടി യാത്രക്കാരോട് അനാസ്ഥ കാണിക്കുന്ന എയർ ഇന്ത്യക്ക് ഇതൊരു പാഠമാകട്ടെ എന്നതാണ് ഉദ്ദേശ്യം. കൂടാതെ, നാട്ടിലെത്തിക്കഴിഞ്ഞ് തനിക്കുണ്ടായ സമയ–സാമ്പത്തിക നഷ്ടവും മാനസിക പീഡനവും വിശദീകരിച്ച് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കും.
കഴിഞ്ഞ 20 വർഷമായി മെന്റലിസം മേഖലയിലുള്ള ഫാസിൽ 2005 മുതൽ മാന്ത്രികൻ മുതുകാടിനോടൊപ്പമാണ് പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിന്റെ പിആർഎമ്മായി സേവനം ചെയ്യുന്നു. മുുകാട് മാന്ത്രികവിദ്യാ പ്രകടനം നിർത്തിയതോടെ നെടുമ്പാശ്ശേരി സ്വദേശിയായ ഫാസിൽ മെന്റലിസത്തിൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. അതേസമയം, മുതുകാടിനോടൊപ്പം ഇപ്പോഴും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക