‘മകളെ വിൽക്കാനുണ്ട്’: ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നിൽ പതിനൊന്നുകാരിയുടെ രണ്ടാനമ്മ

തൊടുപുഴ∙ പതിനൊന്നു വയസ്സുകാരിയെ വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ പിതാവ് മൂന്നാമതു വിവാഹം ചെയ്തതാണ് ഇവരെ.

സംഭവത്തിൽ രണ്ടാനമ്മയെ ചോദ്യം ചെയ്തു വിട്ടയിച്ചു. രണ്ടാനമ്മയ്ക്ക് മുലയൂട്ടുന്ന കുഞ്ഞുള്ളതിനാൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവ് കൂടിയായ തന്റെ ഭർത്താവ് നിരന്തരം വഴക്കുണ്ടാക്കുന്നതിലുള്ള ദേഷ്യമാണ് ഇത്തരത്തിൽ ഒരു പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. പെൺകുട്ടിയുടെ പിതാവ് മിക്കപ്പോഴും വീട്ടിലേക്കു വരാറില്ലെന്നും ചെലവിനു തരാറില്ലെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ ദിവസമാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിൽ കുട്ടിയെ വിൽക്കാനുണ്ടെന്നു പറഞ്ഞ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പണം നൽകിയാൽ തന്റെ പതിനൊന്നു വയസ്സുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ നൽകാമെന്നായിരുന്നു പോസ്റ്റ്. ‌കുറിപ്പ് ശ്രദ്ധയിൽപെട്ടവർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നു കുറിപ്പ് പിൻവലിച്ചു. പെൺകുട്ടിയും പെൺകുട്ടിയുടെ വല്യമ്മയും ചേർന്നാണു പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പിതാവിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഫോൺ പിടിച്ചെടുത്ത് സൈബർ സെല്ലിനും ഫൊറൻസിക് സംഘത്തിനും കൈമാറിയിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നതിനാൽ പെൺകുട്ടിയുടെ പിതാവു തന്നെയാണ് ഈ പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ താനല്ല പോസ്റ്റിട്ടതെന്ന് പിതാവ് പൊലീസിനു മൊഴി നൽകിയിരുന്നു. ഈ മൊഴി ആദ്യം പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളല്ല പ്രതി എന്ന് തെളിഞ്ഞു. സംശയമുള്ളവരുടെ ഫോൺ പിടിച്ചെടുത്തു നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ രണ്ടാനമ്മയാണ് പോസ്റ്റിട്ടതെന്ന് കണ്ടെത്തി. രണ്ടാനമ്മ അവരുടെതന്നെ ഫോണിൽ പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി പോസ്റ്റ് ഇടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!