സൗദിയുടെ മാനുഷിക പരിഗണന; തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗജന്യ ചികിത്സ ലഭിക്കും
സൗദി തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഇല്ലാത്തവർക്കും സൗദിയിൽ ചികിത്സ ലഭ്യാക്കുമെന്ന് ദേശീയ മനുഷ്യാവകാശ സൊസൈറ്റി മേധാവി ഖാലിദ് അൽ-ഫഖ്രി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള തിരച്ചറിയൽ രേഖകളില്ലെങ്കിലും ആശുപത്രികളിൽ അപ്പോയിൻ്റ്മെൻ്റ് എടുക്കാനും ചികിത്സ തേടാനും സാധിക്കും. കൂടാതെ രോഗം സുഖം പ്രാപിക്കുന്നത് വരെ ആവശ്യമെങ്കിൽ ഫോളോ-അപ്പ് ചികിത്സയും അനുവദിക്കും. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ താൻ ചില ആശുപത്രികളിൽ മെഡിക്കൽ ഫയലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ രാജ്യമോ, അഫിലേയഷനോ പരിഗണിക്കാതെ അവരുടെ പ്രദേശത്ത് തന്നെ ചികിത്സ ലഭിക്കും. ജനങ്ങളുടെ ആരോഗ്യ പരിരക്ഷാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന സൗദി അറേബ്യയുടെ താൽപ്പര്യത്തിൻ്റെ ഭാഗമാണിത്. മനുഷ്യാവകാശങ്ങൾക്ക് പ്രത്യേക പരിഗണനയും മുൻഗണനയും നൽകണമെന്ന സൗദിയുടെ കാഴ്ചപ്പാടിൽ നിന്നാണ് രോഗബാധിതകരുടെ തിരിച്ചറിയൽ രേഖകൾ പോലും പരിഗണിക്കാതെ ചികിത്സ നൽകുന്ന രീതി രാജ്യത്ത് നടന്ന് വരുന്നത്. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ ആളുകൾ ചികിത്സ തേടിയിട്ടുണ്ടെന്നും ഖാലിദ് അൽ-ഫഖ്രി പറഞ്ഞു. മാനുഷിക വിഷയങ്ങളിൽ സൗദി അറേബ്യയുടെ താൽപ്പര്യം ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനുഷിക പരിഗണനയർഹിക്കുന്ന നിരവധി കേസുകൾ അസോസിയേഷന് ലഭിക്കാറുണ്ട്. അവ തിരിച്ചറിയൽ രേഖയുണ്ടോ ഇല്ലേ എന്ന് നോക്കാതെ തന്നെ ചികിത്സക്കായി ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ആളുകൾക്കും ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം സൗദി നിയമങ്ങൾ ഉറപ്പുനൽകുന്നുണ്ട്. കോവിഡ് വ്യാപന സമയത്ത് രേഖകൾ ഇല്ലാത്തവർക്ക് പോലും സൌജന്യമായി വാക്സിൻ നൽകിയ സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ലോകത്തിലെ എല്ലാ ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്കും, ധാർമ്മികവും മാനുഷികവുമായ കാഴ്ചപ്പാടിൽ നിന്ന് ആവശ്യമായ സഹായങ്ങൾ സൌദി ചെയ്യാറുണ്ടെന്നും ഖാലിദ് അൽ-ഫഖ്രി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക