സൗദിയിൽ മിക്ക സ്ഥലങ്ങളിലും മഴക്ക് സാധ്യത; ജിദ്ദയിലും റാബിഗിലും ശക്തമായ കാറ്റടിക്കും, ത്വാഇഫിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ശക്തമാക്കി
ജിദ്ദ, റാബിഗ് ഗവർണറേറ്റുകളിലും ഷുഐബയുടെ മധ്യ മേഖലയിലും ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൂടാതെ വൈകുന്നേരം ഏഴ് മണിവരെ തിരശ്ചീന ദൃശ്യപരത കുറയുമെന്നും, തിരമാലകൾ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴയുള്ള കാലാവസ്ഥയായിരിക്കും.
മക്കയുടെ ഉയർന്ന പ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ജസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകും. കൂടാതെ മഴക്ക് കാരണമാകുന്ന ഇടത്തരം മുതൽ കനത്ത ഇടിമിന്നൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
മക്കയിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസും മദീനയിലും ബുറൈദയിലും 43 ഡിഗ്രിയും റിയാദ്, ദമാം, ഹഫർ അൽ-ബാറ്റിൻ എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിലും താപനില രേഖപ്പെടുത്തും.
ജിദ്ദ നഗരത്തിൽ പ്രതീക്ഷിക്കുന്ന താപനില 39 സെൽഷ്യസിൽ എത്തുമെന്നും അബഹയിലെ താപനില 29 സെൽഷ്യസിൽ എത്തുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ശക്തമാകാനുള്ള സാധ്യതയുളളതിനാൽ ത്വാഇഫ് ഗവർണറേറ്റിൽ മുൻ കരുതൽ നടപടികൾ ആരംഭിച്ചു. മഴക്കെടുതി നേരിടുന്നതിനാവശ്യമായ ഉപകരണങ്ങളും പല ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 450 ഓളം ജീവനക്കാരുൾപ്പെടെ പ്രത്യേക ടീമിനെയും വിന്യസിച്ചു. മഴ മൂലമുണ്ടാകുന്ന വെള്ളക്കെട്ടുകൾ നീക്കം ചെയ്യുക, അടിഞ്ഞ് കൂടുന്ന അവശിഷ്ടങ്ങൾ യഥാസമയം നീക്കം ചെയ്യുക, ഗതാഗത തടസം ഒഴിവാക്കുക, അടിയന്തിര സാഹചര്യങ്ങളിൽ ആവശ്യമായ സഹായമെത്തിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഈ ടീമിൻ്റെ പ്രവർത്തനങ്ങൾ.
വിനോദ സഞ്ചാര കേന്ദ്രമായ അൽ-ഹദ, അൽ-ഷിഫ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇടിമിന്നലും ശക്തമായ മഴയും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, കുടുംബ സമേതം വെള്ളക്കെട്ടുകളിലേക്കും കുത്തൊഴുക്കിലേക്കും പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക