ചോറുവെക്കാൻ താമസിച്ചതിനും മര്‍ദനം, കൊല്ലുമെന്ന് അന്നേപറഞ്ഞു; സംശയരോഗത്തിൻ്റെ തീയിൽ ചാരമായി നദീറ

ചാത്തന്നൂര്‍(കൊല്ലം): പാരിപ്പള്ളിയില്‍ അക്ഷയകേന്ദ്രം ജീവനക്കാരിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് കഴുത്തറത്ത് കിണറ്റില്‍ചാടി മരിച്ച സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാവായിക്കുളം വെട്ടിയറ എസ്.കെ.വി.എച്ച്.എസ്.എസിനു സമീപം അല്‍ അബയാന്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന നദീറ(36)യാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നശേഷം സ്വയം കഴുത്തറത്ത ഭര്‍ത്താവ് റഹീം (50) കിണറ്റില്‍ ചാടുകയായിരുന്നു. (നദീറയെ ഭർത്താവ് തീകൊളുത്തി കൊന്ന അക്ഷയ സെന്ററിലെ മുറി) 

പാരിപ്പള്ളി-പരവൂര്‍ റോഡിലെ അക്ഷയ സെന്ററില്‍ തിങ്കളാഴ്ച രാവിലെ 8.40-ഓടെയാണ് സംഭവം. കോരിച്ചൊരിയുന്ന മഴയത്ത് സ്‌കൂട്ടറിലെത്തിയ റഹീം, ആധാര്‍ പുതുക്കുന്ന ജോലിചെയ്തുകൊണ്ടിരുന്ന നദീറയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഊരിപ്പിടിച്ച കത്തിയുമായി അക്ഷയ സെന്ററില്‍നിന്നിറങ്ങി പാരിപ്പള്ളി-പരവൂര്‍ റോഡിലൂടെ ഓടിയ റഹീം തൊട്ടടുത്ത പുരയിടത്തില്‍ കയറി കഴുത്തറത്തു. പിന്നീട് മതില്‍ ചാടിക്കടന്ന് അടുത്ത വീട്ടിലെ കിണറ്റില്‍ ചാടുകയായിരുന്നു.

കല്ലമ്പലത്തുനിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി റഹീമിന്റെ മൃതദേഹം പുറത്തെടുത്തു. നദീറയുടെയും റഹീമിന്റെയും മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നദീറയുടെ ബന്ധുക്കള്‍ കുടകില്‍നിന്ന് പാരിപ്പള്ളിയിലേക്കു തിരിച്ചിട്ടുണ്ട്. ചാവര്‍കോട് മുത്താന സ്വദേശിയായിരുന്നു നദീറയുടെ പിതാവ്. ഇവരുടെ കുട്ടിക്കാലത്തുതന്നെ ഇവിടെനിന്ന് കുടുംബസമേതം കുടകിലേക്ക് താമസം മാറിയിരുന്നു. ലാബ് ടെക്നീഷ്യന്‍ കോഴ്സ് പാസായി പാരിപ്പള്ളിയില്‍ ലാബില്‍ ജോലി ചെയ്യാനാണ് നദീറ തിരിച്ചെത്തിയത്. റഹീമിന്റെ മാതാവാണ് നദീറയെ പരിചയപ്പെട്ട് മകനുവേണ്ടി ആലോചിച്ചത്. 16 വര്‍ഷം മുമ്പായിരുന്നു വിവാഹം. നിര്‍മാണത്തൊഴിലാളിയായിരുന്ന റഹീം ഓട്ടോറിക്ഷ ഡ്രൈവറായും ജോലിനോക്കിയിരുന്നു. രണ്ടുവര്‍ഷംമുമ്പാണ് നദീറ പാരിപ്പള്ളിയിലെ അക്ഷയ സെന്ററില്‍ ജോലിക്കു ചേര്‍ന്നത്. പത്താംക്ലാസ് വിദ്യാര്‍ഥി റഹിയാന്‍ ഷായും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി റൈഹാന്‍ ഷായും മക്കളാണ്.

ഒട്ടേറെ കേസുകളിലെ പ്രതിയാണ് റഹീം. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ഓണത്തിന് നദീറയെ ക്രൂരമായി മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് പള്ളിക്കല്‍ പോലീസ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. നാലുദിവസംമുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. നദീറയും കുട്ടികളും താമസിക്കുന്ന വാടകവീട്ടിലെത്തിയെങ്കിലും അവിടെ താമസിക്കുന്നത് തടഞ്ഞു. തുടര്‍ന്ന് ഇയാള്‍ അടുത്ത ബന്ധുവിനോടൊപ്പം കിഴക്കനേല ഭാഗത്ത് വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. നദീറയെ കൊലപ്പെടുത്തുമെന്ന് റഹീം മറ്റുള്ളവരോട് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.

സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

സംശയരോഗത്തിന്റെ തീയില്‍ ചാരമായി നദീറ…

കൈയിലൊരു കന്നാസും പിടിച്ച് സംശയമൊന്നും തോന്നാത്തമട്ടിലാണ് സ്‌കൂട്ടറില്‍ അയാള്‍ വന്നത്. ആധാര്‍ പുതുക്കുന്നതിനായി ആദ്യം വന്ന പെണ്‍കുട്ടിയുമായി ആധാര്‍ സെക്ഷന്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്നു നദീറ.

അക്ഷയ കേന്ദ്രത്തിലേക്ക് കയറിയ റഹീം ഹെല്‍മെറ്റ് ഊരി ഫ്രണ്ട് ഓഫീസില്‍ വെച്ചശേഷം അകത്തുകടന്ന് കുപ്പി തുറന്ന് മണ്ണെണ്ണ നദീറയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊടുത്തു.

നിമിഷങ്ങള്‍കൊണ്ട് തീപടര്‍ന്നു. ഈ സമയം ആധാര്‍ പുതുക്കാനെത്തിയ പെണ്‍കുട്ടി നിലവിളിച്ചു. ഓടിവന്നവരും റോഡില്‍ നിന്നവരുമെല്ലാം ഭയന്നുപോയി. മുറിയാകെ തീയും പുകയും… സംശയരോഗത്തിന്റെ തീയില്‍ നദീറ എന്ന യുവതി ചാരമായി.

മറ്റു ജീവനക്കാര്‍ ഓടിയെത്തിയതോടെ റഹീം കത്തികാട്ടി ഭീകരാന്തരീഷം സൃഷ്ടിച്ചു. പാരിപ്പള്ളി-പരവൂര്‍ റോഡിലൂടെ ഭീകരാന്തരീഷം സൃഷ്ടിച്ചുകൊണ്ട് ഓടിയ റഹീം പിന്നാലെ ഓടിയവരെയും ആക്രമിക്കാന്‍ തുനിഞ്ഞു. കൈയില്‍ കരുതിയ കത്തികൊണ്ട് സ്വയം കൈഞരമ്പ് മുറിച്ച് ആള്‍ക്കൂട്ടത്തെ ഭീഷണിപ്പെടുത്തി ഒറ്റയോട്ടമായിരുന്നു പിന്നെ.

മുറിക്കുള്ളില്‍ രക്തം കട്ടപിടിച്ച് കിടന്നിരുന്നതായി സംഭവശേഷം മുറി കഴുകിയവര്‍ പറഞ്ഞു.രാവിലെ എട്ടര കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. പാരിപ്പള്ളി തിരക്കിലേക്ക് വീണുതുടങ്ങുംമുമ്പ് രക്തം മരവിപ്പിക്കുന്ന വാര്‍ത്ത പ്രചരിച്ചു.

 

 

അവസാന നിമിഷവും അല്പംപോലും കരുണ കാട്ടിയില്ല.

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍തന്നെ ക്രൂരമര്‍ദനങ്ങള്‍ സഹിച്ചുതുടങ്ങിയതാണ് നദീറ. മക്കള്‍ക്കുവേണ്ടി എല്ലാം നിശ്ശബ്ദം സഹിക്കുകയായിരുന്നു. വേദനകള്‍ സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അവര്‍ സഹായംതേടി പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഓഗസ്റ്റ് 13-ന് അതിക്രൂരമായ മര്‍ദനത്തിനു വിധേയയായതിനെത്തുടര്‍ന്നായിരുന്നു ഇത്.

അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായ നദീറ ജോലി കഴിഞ്ഞെത്തിയശേഷം ചോറുവെക്കാൻ താമസിച്ചു എന്നതായിരുന്നു അന്നത്തെ മര്‍ദനകാരണം. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ ചൊരിഞ്ഞിട്ടും നദീറ അവഗണിച്ചു. കൈയില്‍ കരുതിയ കമ്പുകൊണ്ട് റഹിം, നദീറയുടെ ഇരുകൈകളിലും അടിച്ചുമുറിവേല്‍പ്പിച്ചു. അടികൊണ്ട് തലപൊട്ടി. നദീറയെയും മക്കളെയും കൊല്ലുമെന്ന് അലറിവിളിച്ചുകൊണ്ട് റഹിം അക്രമം തുടര്‍ന്നു. പേടിച്ച് നദീറ മുറിക്കുള്ളില്‍ കയറിയപ്പോള്‍ ജനല്‍ച്ചില്ല് അടിച്ചുപൊട്ടിച്ചു.

അടിയേറ്റു തളര്‍ന്ന മക്കളെക്കണ്ട് പുറത്തിറങ്ങിയ നദീറയുടെ കാലില്‍ ഓട്ടോയുടെ ജാക്കി ഉപയോഗിച്ച് ആഞ്ഞടിച്ചു. തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞതുകൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് നദീറ അടുപ്പക്കാരോടു പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഉറപ്പായതോടെയാണ് നദീറ പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡിലായിരുന്ന റഹിം ദിവസങ്ങള്‍ക്കുമുമ്പാണ് ജയില്‍മോചിതനായത്.

ഇതിനിടെ റഹിം വീട്ടില്‍ കടക്കുന്നത് തടഞ്ഞുകൊണ്ട് നദീറ കോടതി ഉത്തരവ് നേടിയിരുന്നു. ഇതില്‍ കുപിതനായ റഹിം നദീറയെ കൊല്ലുമെന്ന് പലരോടും പറഞ്ഞിരുന്നു. പള്ളിക്കല്‍ പോലീസ് ഇടപെട്ട് റഹീമിന്റെ ബൈക്കും മറ്റുസാധനങ്ങളും വീട്ടില്‍നിന്ന് മാറ്റുകയും ചെയ്തു. അക്ഷയകേന്ദ്രത്തില്‍ പോകുമ്പോഴും മടങ്ങുമ്പോഴുമെല്ലാം റഹിം തന്നെ പിന്തുടര്‍ന്നിരുന്നതായി നദീറ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

ബ്ലേഡുകൊണ്ട് ശരീരം കീറിമുറിക്കുകയും തിളച്ച വെള്ളത്തില്‍ കൈ ബലമായി മുക്കിക്കുകയും ചെയ്തിരുന്നതായി നദീറ അടുപ്പമുള്ളവരോടും വെളിപ്പെടുത്തി.

മക്കളെ ക്രൂരമായി ഉപദ്രവിച്ച റഹിം അവരെ ഭീഷണിപ്പെടുത്തി നദീറയാണ് തങ്ങളെ മര്‍ദിച്ചതെന്നുപറഞ്ഞ് പോലീസില്‍ പരാതിയും നല്‍കിച്ചു. അറസ്റ്റിലായ നദീറയെ അക്ഷയകേന്ദ്രം ഉടമയും മറ്റും ചേര്‍ന്നാണ് ജാമ്യത്തിലിറക്കിയത്. തിങ്കളാഴ്ച രാവിലെ അക്ഷയകേന്ദ്രത്തിലെത്തിയ റഹിം, നദീറയുടെ കഴുത്ത് മുറിച്ചശേഷമാണ് പെട്രോള്‍ ഒഴിച്ചു കത്തിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. നദീറ നിലവിളിക്കുകയോ അക്രമം തടയാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്നതാണ് ഈ സംശയത്തിനിടനല്‍കുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

മഴക്കോട്ട് കൊണ്ട് മുഖം മറച്ചെത്തി റഹീം; നിലവിളിച്ച് ജീവനക്കാർ: മാതാപിതാക്കൾ മരിച്ചത് അറിയാതെ മക്കൾ

Share
error: Content is protected !!