കാനഡക്ക് ഇന്ത്യയുടെ തിരിച്ചടി; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി, 5 ദിവസത്തിനകം ഇന്ത്യ വിടണം

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞൻ അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല.

‘‘ഇന്ത്യയിലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളിൽ അവർക്കുള്ള പങ്കിലും ഇന്ത്യൻ ഭരണകൂടത്തിനുള്ള വർധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നിൽ’’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യ നിഷേധിച്ചു.  കാനഡ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഹർദീപ് സിങ് നിജ്ജാർ

 

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.കാനഡയിൽ പ്ലമർ ആയാണു ഹർദീപിന്റെ തുടക്കം. 2013ൽ പാക്ക് കെടിഫ് തലവൻ ജഗ്താർ സിങ് താരയെ സന്ദർശിച്ചു. 2015ൽ പാക്ക് ചാരസംഘടന ഐഎസ്ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. പഞ്ചാബ് ജലന്ധറിലെ ഭരസിങ്പുർ സ്വദേശിയാണ് നിജ്ജാർ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!