കുവൈത്തില്‍ അറസ്റ്റിലായ നഴ്‌സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു-വി.മുരളീധരന്‍

ന്യൂഡല്‍ഹി: കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്‌സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ച് വന്നത്. ഇതേ തുടര്‍ന്നാണ് 19 മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ തടവുകേന്ദ്രത്തിലേക്ക് മാറ്റിയത്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നല്‍കിയിട്ട് ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ പിടിക്കപ്പെട്ട 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാര്‍ ആണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയവും, തൊഴിൽ, ആരോഗ്യ മന്ത്രലയങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇന്ത്യക്കാർക്ക് പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായവരിലുണ്ട്.

പരിശോധനയിൽ അനുവദിച്ചതിൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ കോസ്മറ്റിക് വിഭാഗത്തിലെ ഹെയർ ട്രാൻസ്പ്ലാൻ്റേഷൻ, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ ലൈസൻസില്ലാത്ത ജീവനക്കാർ ജോലി ചെയ്യുന്നതായും കണ്ടെത്തി. പിടിയിലായവരിൽ പലരും വീട്ടു ജോലിക്കാരും കുടുംബ വിസയിലുള്ളവരുമാണ്. എന്നാൽ വർഷങ്ങളായി നിയമാനുസൃതം ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും പിടിയിലായിട്ടുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഒരു മാസം മുതൽ പ്രായമുളള നവജാത ശിശുക്കളുടെ അമ്മമാർ തടവിലായവരിലുണ്ട്. മുലയൂട്ടുന്ന അമ്മമാരായ  5 മലയാളി നഴ്സുമാർ  അറസ്റ്റിലായവരിൽ ഉണ്ട്. ഇക്കൂട്ടത്തിൽ പ്രസാവവധി കഴിഞ്ഞ് അന്ന് ജോലിയിൽ പ്രവേശിച്ച യുവതിയും ഉൾപ്പെടും. കഴിഞ്ഞ ആറ് ദിവസമായി ഇവർ തടവിൽ കഴിയുകയാണ്.  വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ്റെയും ഇന്ത്യൻ എംബസിയുടേയും ഇടപെടിലിലൂടെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുമതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.

അതേ സമയം പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്.

ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!