നിപ്പയിൽ ആശ്വാസം: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി- മന്ത്രി
നിപ്പ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകൾ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇതിന് പൊലീസിന്റെ സഹായം കൂടി തേടും. മൊബൈൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങൾ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പർക്കപ്പട്ടിക പൂർണമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
19 ടീമായി പ്രവർത്തനം നടക്കുന്നുണ്ട്. കേന്ദ്ര സംഘം ഇന്നും പരിശോധന തുടരും. ഐസിഎംആറിന്റെയും എൻഐവിയുടെയും സംഘവും ഫീൽഡ് സന്ദർശനം നടത്തും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നരുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് ഒരാൾ മരിച്ച കള്ളാട് നിന്നും 5 കിലോമീറ്റർ അകലെയാണ് ജാനകിക്കാട്.
അതിനിടെ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം പുറത്ത് വന്നു. ഇയാൾക്ക് നെഗറ്റീവാണ്. മെഡിക്കൽ വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുടെ ഫലമാണ് പുറത്തുവന്നത്. തോന്നയ്‌ക്കൽ ഐഎവിയിൽ സ്രവ സാംപിൾ പരിശോധിച്ചതിലാണ് ഫലം വന്നത്.
ഇനി നിരീക്ഷണത്തിൽ കഴിയുന്ന കാട്ടാക്കട സ്വദേശിനിയുടെ ഫലമാണ് വരേണ്ടത്. അത് ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും മെഡിക്കൽ വിദ്യാർഥിയും പനി, ശ്വാസംമുട്ടൽ ലക്ഷണങ്ങളോടെയായിരുന്നു ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലായത്.
അതേ സമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നിട്ടുണ്ട്. കോഴിക്കോട് ചേർന്ന ആരോഗ്യ വിദഗ്‌ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക