സൗദിയിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ
സൗദിയിൽ ഇന്നലെ (വ്യാഴാഴ്ച) രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായി. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറി മയക്ക് മരുന്ന് എത്തിക്കാൻ ശ്രമിച്ച് മൂന്ന് എത്യോപ്പ്യൻ പൌരന്മാരും, സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരായ രണ്ട് പേരുമാണ് അറസ്റ്റിലായത്.
ഫസ്റ്റ് സർജൻ്റ് ഫൈസൽ അബ്ദുൽ സലാം അസർ, സർജന്റ് സുൽത്താൻ ഹാദി അൽ ഖഹ്താനി എന്നിവരാണ് അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥർ. റിയാദിലെ മൂന്ന് സ്ഥലങ്ങളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിപണനം നടത്തിവരുന്നതായും കണ്ടെത്തി. പ്രതികളിൽ നിന്ന് 74.6 കിലോ ഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികൾക്കെതിരെ തുടർ ശിക്ഷ നടപടികൾ സ്വീകരിച്ച് വരുന്നതായും അധികൃതർ അറിയിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയും സമാധാനവും നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നവർ ആരായിരുന്നാലും മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്യത്ത സ്വദേശികളുടേയും വിദേശികളുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്നും അധികൃതർ അറിയിച്ചു.
രാജ്യ ദ്രോഹ കുറ്റത്തിന് അറസ്റ്റിലായ രണ്ട് സൈനിക ഉദ്യോഗസ്ഥരെ ഇന്നലെ സൌദിയിൽ വധ ശിക്ഷക്ക് വിധേയരാക്കിയിരുന്നു. അതിന് പിന്നാലെയാണ് സുരക്ഷ ജീവനക്കാർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലാകുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക