ഖത്തര്‍ എയര്‍വേയ്‌സ് രക്ഷക്കെത്തി; ഏകാകിയായ റൂബന്‍ സ്വാതന്ത്ര്യത്തിലേക്ക്…
ദോഹ: അഞ്ച് വര്‍ഷത്തെ ഏകാന്ത വാസത്തിന് ശേഷം റൂബന്‍ ഒടുവില്‍ കാട്ടിലേക്ക്. ലോകത്തിലെ ഏറ്റവും ഏകാകിയായ സിംഹം ഇനി സ്വാതന്ത്ര്യത്തിന്റെ രുചി അറിയും…
അഞ്ചു വര്‍ഷത്തോളമായി അര്‍മീനിയയിലെ അടച്ചുപൂട്ടപ്പെട്ട മൃഗശാലയുടെകോണ്‍ക്രീറ്റ് സെല്ലിലെ ഏകാന്തതയിലാണ് റൂബന്‍ കഴിഞ്ഞിരുന്നത്. സട കൊഴിഞ്ഞ്, ശരീരം ക്ഷയിച്ച് ഗര്‍ജനം നിലച്ച റൂബനെ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ ആനിമല്‍ ഡിഫന്‍ഡേഴ്‌സ് ഇന്റര്‍നാഷണലിന്റെ നിരന്തര ഇടപെടലിലാണ് മോചിപ്പിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ വിമാനത്തില്‍ കയറ്റി റൂബനെ ദക്ഷിണാഫ്രിക്കയിലെ എഡിഐ വന്യജീവി സങ്കേതത്തിലെ പുതിയ താവളത്തിലെത്തിച്ചു.
പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് അര്‍മീനിയയില്‍ നിന്ന് 5200 മൈല്‍ ദൂരം താണ്ടി ലക്ഷ്യസ്ഥാനത്തെത്തിച്ചത്. സ്വകാര്യ മൃഗശാലയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് റൂബന്‍ ഏകാകിയായത്. അടച്ചുപൂട്ടിയ മൃഗശാലയില്‍ നിന്ന് മറ്റ് മൃഗങ്ങളെല്ലാം പുതിയ സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും റൂബനെ ആരും ഏറ്റെടുത്തില്ല. അന്ന് 10 വയസ്സായിരുന്നു റൂബന്റെ പ്രായം. റൂബന്റെ സംരക്ഷണത്തിനായി കഴിഞ്ഞ വര്‍ഷമാണ് ആനിമല്‍ ഡിഫന്‍ഡേഴ്‌സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന എത്തുന്നത്. ആവശ്യത്തിന് ഭക്ഷണവും മറ്റും ലഭിക്കാതെയും ഏകാകിയായതോടെ ഗര്‍ജനം മറന്നും ആരോഗ്യം ക്ഷയിച്ച റൂബനെ കാട്ടിലെത്തിക്കുന്നതിന് പല മാര്‍ഗങ്ങളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയുടെ ചാരിറ്റി പദ്ധതി കൂടിയായ ‘വിക്യുവര്‍’ വഴി ശ്രമിച്ചത്.
വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച വി ക്യുവര്‍ റൂബന്റെ പുനരധിവാസം ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നെന്ന് ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ സെയില്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക് പ്ലാനിങ് സീനിയര്‍ വൈസ് പ്രസിഡന്റ് എലിസബത്ത് ഔഡ്കര്‍ക് പറഞ്ഞു. എഡിഐ പ്രതിനിധികള്‍ സമീപിച്ചപ്പോള്‍ സൗജന്യമായി തന്നെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സൗജന്യമായി തിരികെ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു, അത് തുടരുമെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക