സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നു; “സൗദി നൗ” എന്ന പുതിയ ചാനൽ ദേശീയ ദിനത്തിൽ സംപ്രേഷണം ആരംഭിക്കും
സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ-ദോസരി പ്രഖ്യാപിച്ചു. “സൗദി നൗ” എന്ന പേരിലുള്ള ചാനൽ സെപ്തംബർ 23ന് രാജ്യത്തിന്റെ 93-ാം ദേശീയ ദിനത്തിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായാണ് സൗദി അറേബ്യ നൗ ചാനൽ പ്രവർത്തിക്കുക.
പ്രാദേശികവും അന്തർദേശീയവുമായ എല്ലാ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, വിനോദ മേഖലകളിലും നടക്കുന്ന വിവിധ പരിപാടികളും കോൺഫറൻസുകളും സംഘടിപ്പിക്കുന്നതിലും ഹോസ്റ്റുചെയ്യുന്നതിലും, രാജ്യത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കലുമാണ് പുതിയ ചാനൽ ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളും മറ്റും കവർ ചെയ്യുന്നതിനായി “സൗദി നൗ” ചാനൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു.
അൽ-ഹാരിതിയുടെ അഭിപ്രായത്തിൽ, പുതിയ ചാനൽ ഇവന്റുകൾ നേരിട്ട് കവർ ചെയ്യുന്നതിനും സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ച് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അവസരങ്ങൾ, പ്രവർത്തനങ്ങൾ, എക്‌സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയുടെ കവറേജ് ആവശ്യകത വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ചാനൽ ആരംഭിക്കുന്നത്. പ്രത്യേകിച്ചും സൌദി ആതിഥേയത്വം വഹിക്കുന്ന ഇവന്റുകളുടെയും എക്സിബിഷനുകളുടെയും കോൺഫറൻസുകളുടെയും എണ്ണം 5,650 ആയി ഉയർന്ന സാഹചര്യത്തിലാണിത്. 2021 നെ അപേക്ഷിച്ച് 2022 ൽ അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ 367 ശതമാം വർധനവാണുണ്ടായിട്ടുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക