നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി; കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രത നിർദേശം, ഇതുവരെ ശേഖരിച്ചത് 35 സാംപിളുകൾ
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ നിപ്പ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ നിപ്പ ബാധയെ സംബന്ധിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
രോഗലക്ഷണമുള്ള 35 പേരുടെ സാംപിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാ ഫലം ലഭിച്ചു. 4 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പേർ ഐസലേഷനിലുണ്ട്. 706 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. അത് ഇനിയും വർധിക്കാം. സമ്പർക്കപ്പട്ടികയിലെ 76 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. സമ്പർക്കപ്പട്ടികയിൽ 157 ആരോഗ്യപ്രവർത്തകരുണ്ട്.
രോഗികളെ കൊണ്ടുവരുന്നതിനായി ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ഐസലേഷനിലുള്ളവരെ സഹായിക്കാനായി വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കും. വാർഡ് തിരിച്ച് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കും. വൊളന്റിയർമാർക്ക് ബാഡ്ജ് ഉണ്ടാകും. പഞ്ചായത്ത് പറയുന്നവരെയാണ് വൊളന്റിയർമാരാക്കുന്നത്. സംസ്ഥാനത്ത് നിപ രോഗനിർണയത്തിനുള്ള ലാബുകൾ സജ്ജമാണ്. തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ്പ രോഗം നിർണയിക്കാൻ സാംപിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലും സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക