ഇഖാമ പുതുക്കാൻ മൂന്ന് ദിവസം വൈകിയാൽ പിഴ ഈടാക്കും; സ്‌പോൺസർ ഇഖാമ പുതുക്കി നൽകാൻ വൈകിയാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റാം
സൗദിയിൽ വിദേശികളുടെ ഇഖാമ (ഐഡൻ്റിറ്റി) പുതുക്കാൻ വൈകിയാലുള്ള പിഴയെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തത വരുത്തി. വിദേശികളുടെ ഇഖാമ കാലാവധി അവസാനിച്ച് മൂന്ന് ദിവസം വരെ പിഴ കൂടാതെ പുതുക്കാൻ അവസരമുണ്ടാകും. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കി.
ഇഖാമ പുതുക്കാൻ വൈകിയാൽ ആദ്യ തവണ 500 റിയാലും, രണ്ടാം തവണയും വൈകിയാൽ 1000 റിയാലുമാണ് പിഴ ഈടാക്കുക. സാധാരണയായി ഇഖാമ പുതുക്കാനുള്ള ഫീസ് ഒരു വർഷത്തേക്ക് 650 റിയാലാണ് (ലെവിയും മറ്റു ഫീസുകളും ഒഴികെ). എന്നാൽ ആദ്യ തവണ ഇഖാമ പുതുക്കാൻ മൂന്ന് ദിവസം വൈകിയാൽ ഇഖാമ ഫീസും 500 റിയാൽ പിഴയും ഉൾപ്പെടെ 1150 റിയാൽ അടക്കേണ്ടി വരും. രണ്ടാം തവണയും കാലാവധിക്കുള്ളിൽ പുതുക്കിയില്ലെങ്കിൽ ഇഖാമ ഫീസ് ആയ 650 റിയാലിനോട് കൂടി പിഴയായ 1000 റിയാലും ഉൾപ്പെടെ 1650 റിയാൽ അടക്കേണ്ടി വരുമെന്നും ജവാസാത്ത് വ്യക്തമാക്കി. ഇഖാമ ഫീസ് മൂന്ന് മാസം, ആറ് മാസം, 9 മാസം എന്നിങ്ങിനെ തവണകളായി അടക്കാനും സൌകര്യമുണ്ട്. ഇഖാമ ഫീസ് അടക്കുന്ന കാലത്തേക്ക് മാത്രമേ ഇഖാമ പുതുക്കി ലഭിക്കുകയുള്ളൂ.
അതേ സമയം സ്പോണ്സർ കൃത്യ സമയത്ത് ഇഖാമ കാലാവധി പുതുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ തൊഴിലാണിക്ക് പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറാൻ അനുവാദമുണ്ടായിരിക്കും. കൂടാതെ സ്പോണ്സർ ജയിലിലോ, ബിനാമി കേസിലോ പെടുന്ന സാഹചര്യത്തിലും തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോണ്സർഷിപ്പ് മാറാൻ തൊഴിലാളിക്ക് അനുവാദമുണ്ട്.
പുതിയ തൊഴിൽ വിസയിൽ വരുന്ന തൊഴിലാളിക്ക് 90 ദിവസത്തിനകം ഇഖാമ നൽകാൻ തൊഴിലുടമ തയ്യാറാകാത്ത സാഹചര്യത്തിലും തൊഴിലുടമയുടെ അനുവാദമില്ലാതെ പുതിയ തൊഴിൽ കണ്ടെത്തി വിദേശികൾക്ക് സ്പോണ്സർഷിപ്പ് മാറാം. 90 ദിവസത്തിനുള്ളിൽ ഇഖാമ ലഭിച്ചവർ തൊഴിൽ കരാർ പൂർത്തിയാകുന്നത് വരെ ജോലി തുടരേണ്ടതാണ്. തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി പൂർത്തിയായാൽ കരാർ പുതുക്കിയിട്ടില്ലെങ്കിൽ പുതിയ സ്പോണ്സറിലേക്ക് സ്പോണ്സർഷിപ്പ് മാറാൻ തൊഴിലാളിക്ക് അനുവാദമുണ്ടായിരിക്കും. ഇതിന് പഴയ തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക