സൗദികൾക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി; വൈറലായി കിരീടാവകാശിക്കൊപ്പമുള്ള വീഡിയോ

സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി. സൗദിയിൽ ഇന്ത്യക്കാർക്ക്  എങ്ങനെ വിജയിക്കാനാവുമെന്ന ചോദ്യത്തിനാണ് അദ്ദേഹം മലയാളി വ്യവസായും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

ദില്ലിയിൽ നടന്ന ഇന്ത്യ- സൗദി ബിസിനസ് ഫോറത്തിലാണ് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹിന്റെ മറുപടിയും ചർച്ചയായത്. സൗദിയിൽ ഇന്ത്യക്കാർക്ക്  എങ്ങനെ വിജയിക്കാനാവുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിന്,  എം.എ യൂസഫലിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സൗദി നിക്ഷേപവകുപ്പ് മന്ത്രിയുടെ മറുപടി നല്‍കിയത്.

അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണെന്നും താന്‍ സൗദി അരാംകോ ചെയര്‍മാനായിരുന്നപ്പോള്‍ അരാംകോയില്‍ ലുലു മാര്‍ക്കറ്റ് തുറക്കുന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചെന്നും ഇപ്പോള്‍ അരാംകോയില്‍ മാത്രം 8 ലുലു മാര്‍ക്കറ്റുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ‘സൗദിയില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രപതി ഭവനിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ വെച്ച് സൗദി കിരീടാവകാശിയുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തിയതിന്‍റെ ദൃശ്യങ്ങളും വൈറലായി.  പ്രധാനമന്ത്രി ഉൾപ്പടെ നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!