നിപ: കോഴിക്കോട് കൂടുതല്‍ കണ്ടെയിന്മെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13-ാം വാര്‍ഡും കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖാപിച്ചു.
അതേ സമയം കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.
അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.
അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിൽ നിലവിൽ 168 പേരുണ്ട്.
സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ വൈറസ് ബാധയുണ്ടായവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടുവെന്നും വിമാനമാർഗ്ഗം മോണോ ക്ലോണൽ ആന്റിബോഡി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസഹായം അഭ്യർഥിച്ചിരുന്നെന്നും മൊബൈൽ ലാബ് സ്ഥാപിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തുമെന്നും മന്ത്രി അറിയിച്ചു.
1998 മുതൽ ഇതുവരെ വിവിധ രാജ്യങ്ങളിലായി 477 പേരെ നിപ്പ ബാധിച്ചു; 252 പേർ മരിച്ചു. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 2018 ൽ കോഴിക്കോട്ട്. 2019 ൽ എറണാകുളത്തും 2021 ൽ വീണ്ടും കോഴിക്കോട്ടും റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തേതുൾപ്പെടെ ഇതുവരെ 20 മരണം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക