നിപ: മാസ്‌ക് ധരിക്കണം, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ചവര്‍ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സമ്പര്‍ക്കത്തിലുള്ളവര്‍ ജില്ലയില്‍നിന്ന് മറ്റു ജില്ലകളിലേക്ക് യാത്രകള്‍ നടത്തിയോ എന്ന് പരിശോധിക്കും. കോഴിക്കോടിനു പുറമേ തൊട്ടടുത്ത ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിദ്ധീകരിക്കുന്ന സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല. നിപയെ അതിജീവിച്ചവര്‍ നമുക്കു മുന്നിലുണ്ട്. ഇത്തരത്തില്‍ സംശയിക്കുന്നവര്‍ കോള്‍ സെന്ററില്‍ വിളിക്കണം. രോഗലക്ഷണമുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം ബാധിച്ചവര്‍ അധിവസിച്ചിരുന്ന അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈയാളുകളുടെ സമ്പര്‍ക്കവും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!