നിപ ഭീതിയിൽ പ്രവാസികളും; വിമാനയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആശങ്ക. മുൻ കാല നിയന്ത്രണങ്ങൾ അറിയാം


കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവാസികൾക്കിടയിലും ആശങ്ക വർധിച്ചു. യാത്ര നിയന്ത്രണങ്ങളുണ്ടാകുമോ എന്നതാണ് പ്രവാസികളെ അലട്ടുന്ന പ്രധാന ആശങ്ക. ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പ് പറയാനാകില്ലെങ്കിലും നേരത്തെ നിപ സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തിൽ സ്വീകരിച്ചിരുന്ന നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നാണ് സൂചന.

നേരത്തെ കോഴിക്കോട് നിപ സ്ഥിരീകിച്ചിരുന്ന സമയത്ത് ഗൾഫ് രാജ്യങ്ങളുൾപ്പെടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും കേരളത്തിൽ നിന്ന് വരുന്നവർക്കും  ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.  എന്നാൽ കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന ലോകാരോഗ്യ സംഘടനയുടെ അറിയിപ്പിനെ തുടർന്ന്  ഗൾഫ് രാജ്യങ്ങൾ പിന്നീട് നയന്ത്രണങ്ങൾ പിൻവലിച്ചു.  

അതേ സമയം കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ല. പകർച്ചവ്യാധികൾ നിലനിൽക്കുന്ന ലോകത്തെ ഏത്​ മേഖലയിലേക്ക്​ പോകുമ്പോഴുമെന്ന പോലെ മുൻകരുതൽ എടുക്കണമെന്ന് നിർദേശിക്കുക മാത്രമാണ്​ ചെയ്തിരുന്നത്. അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ഗൾഫ് രാജ്യങ്ങൾ നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് വരുന്നവരിൽ നിപ വൈറസി​ന്റെ ലക്ഷണങ്ങളുമായി എത്തുന്നവർ ഉണ്ടോയെന്ന്​ നിരീക്ഷിക്കണമെന്ന്​ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിപയുട പേരിൽ ഇത് വരെ വിമാനയാത്ര റദ്ദാക്കുകയോ യാത്ര വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല.

അതേസമയം നിപയുടെ പശ്ചാതലത്തില്‍ യുഎഇ, ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കോവിഡ് സമയത്ത് ഉണ്ടായിരുന്നത് പോലെയുള്ള കർശനമായ വിമാനയാത്ര വിലക്കോ നിയന്ത്രണങ്ങളോ ഉണ്ടാകാനിടയില്ലെന്നാണ് മനസിലാക്കേണ്ടത്. അതേ സമയം രോഗ വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെങ്കിൽ വിമാനയാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളും നിരീക്ഷണങ്ങളും ഉണ്ടായേക്കാം. എങ്കിലും യാത്ര തടസങ്ങളുണ്ടാകാനുള്ള സാധ്യതയില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

അതേ സമയം നിപ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശോധനാഫലം രാത്രി ഏഴരയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ആരോ​ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോ​ഗം ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

 

ചൊവ്വാഴ്ച വെെകീട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് കോഴിക്കോട് ജില്ലയിൽ രോ​ഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത്തരം ഒരു ഫലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് സ്ഥിരീകരണമില്ലെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്‌. മാധ്യമങ്ങളില്‍ വാര്‍ത്ത പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ലാബോറട്ടറിയില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. പരിശോധന പൂര്‍ത്തിയായില്ലെന്ന വിവരമാണ് അവിടെ നിന്നും ലഭിച്ചതെന്നും വീണ ജോര്‍ജ്‌ പറഞ്ഞു.

 

‘ഇന്ന് കേന്ദ്രത്തിന്റെ യോ​ഗമുണ്ടായിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇക്കാര്യമാകാം അദ്ദേഹം പറഞ്ഞത്’, മന്ത്രി പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!