കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ട് പേർക്കും നിപ ബാധിച്ചിരുന്നതായി റിപ്പോർട്ട്
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.
ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ നാലും ഒൻപതും വയസ്സുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുണ്ട്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. നിലവിൽ നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒൻപതു വയസ്സുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ആദ്യ രോഗി മരിച്ചപ്പോൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു
നേരത്തെ രണ്ടു വട്ടം കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
നിപ്പ കൺട്രോൾ റൂ തുറന്നു. 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക