തട്ടിക്കൊണ്ടുപോകലിൽ ട്വിസ്റ്റ്; യുവതി നേരത്തെയും സുഹൃത്തിനൊപ്പം പോയി, എല്ലാം നാടകം; മൂവരെയും കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടുപോകല്‍ അല്ലെന്നും യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമാണെന്നും പോലീസ് പറഞ്ഞു. കാണാതായ യുവതിയെയും കുഞ്ഞിനെയും ഇവരെ തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവ് ആരോപിക്കുന്ന ആണ്‍സുഹൃത്തിനെയും കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തിരുവല്ല തിരുമൂലപുരം സ്വദേശിയായ സന്ദീപ് സന്തോഷാണ് ഭാര്യ ഷീന(23)യെയും മൂന്നുവയസ്സുള്ള മകളെയും തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. ഭാര്യയുടെ ആണ്‍സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്ക് തടഞ്ഞ് രണ്ടുപേരെയും കടത്തിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തിരുവല്ല പോലീസ് പ്രിന്റോ പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പ്രിന്റോയ്‌ക്കൊപ്പം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്തതോടെയാണ് യാഥാര്‍ഥ്യം വ്യക്തമായത്.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പ്രിന്റോയ്‌ക്കൊപ്പം സ്വമേധയാ പോയതാണെന്നുമാണ് ഷീന പോലീസിന് നല്‍കിയ മൊഴി. ഷീനയും പ്രിന്റോയും ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് വിവരം. ഇരുവരും നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രിന്റോയ്‌ക്കൊപ്പം വീടുവിട്ടിറങ്ങിയ ഷീന മാസങ്ങള്‍ക്ക് ശേഷമാണ് തിരികെ എത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പും സമാനരീതിയില്‍ ഷീന സുഹൃത്തിനൊപ്പം പോയെങ്കിലും ഏതാനുംദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രിന്റോയും ഷീനയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്.
തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തിയെന്നും ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു സന്ദീപിന്റെ പരാതി. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു. തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റോ പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച് കാറില്‍കയറ്റിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് തിരുവല്ല പോലീസ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പ്രിന്റോ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രിന്റോയ്‌ക്കൊപ്പം യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തിയത്. മൂവരും നിലവില്‍ തിരുവല്ല പോലീസ് സ്‌റ്റേഷനിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിട്ടോടെ യുവതിയെയും പ്രിന്റോയെയും കോടതിയില്‍ ഹാജരാക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക